അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടലിൽ ആറ് നാഗ കലാപകാരികൾ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നഗലിം (എൻ.എസ്.സി.എൻ -ഐ.എം) കലാപകാരികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലും വെടിവെപ്പിലും അസം റൈഫിൾസിലെ സൈനികന് പരിക്കേറ്റു. കലാപകാരികൾ സേനക്കുനേരെ 400 റൗണ്ട് വെടിവെച്ചതായി പൊലീസ് വക്താവ് പറഞ്ഞു.
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ ടിറപ് ജില്ലയിലെ ഖൊൻസയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ശനിയാഴ്ച പുലർച്ച 4.30ന് വ്യവസായ നഗരിയായ പ്രദേശത്തെ ഏറ്റുമുട്ടലും വെടിവെപ്പും രണ്ട് മണിക്കൂർ നീണ്ടു.
സായുധ കലാപകാരികൾ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വന മേഖലയിൽ സേന നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. റൈഫിളുകൾ, വെടിക്കോപ്പുകൾ, ഗ്രനേഡ്, ഐ.ഇ.ഡി, മാഗസിനുകൾ എന്നിവ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. നാഗ ജനതക്ക് പ്രത്യേക സംസ്ഥാനത്തിനായി പോരാടുന്ന വിഭാഗമാണ് എൻ.എസ്.സി.എൻ -ഐ.എം.
