ന്യൂഡൽഹി: അഞ്ചു വർഷത്തിനിടയിൽ ആറു ലക്ഷത്തിൽപരം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ പാർലമെൻറിൽ വെളിപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം 1,33,83,718 ഇന്ത്യൻ പൗരന്മാർ വിദേശ രാജ്യങ്ങളിലുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്. 2017ൽ 1,33,049 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ചു. 2018ൽ 1,34,561 പേർ. 2019ൽ പൗരത്വം ഉപേക്ഷിച്ചവർ 1,44,017 പേരാണ്. 2020ലെ കണക്ക് 85,248 ആണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം 2021ൽ പൗരത്വം വേണ്ടെന്നുവെച്ചവർ 1,11,287 ആണ്.