ഗസ്സ പുനർനിർമ്മാണത്തിന് വേണ്ടത് ആറ് ലക്ഷം കോടി രൂപ
text_fieldsന്യൂയോർക്ക്: ഇസ്രായേൽ യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സ മുനമ്പിന്റെ പുനർനിർമ്മാണത്തിന് അടുത്ത പത്തു വർഷത്തിനുള്ളിൽ 71.4 ബില്യൺ യു.എസ് ഡോളർ (ഏകദേശം ആറ് ലക്ഷം കോടി രൂപ) ആവശ്യമായി വരുമെന്ന് ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യൻ യൂനിിയന്റെയും സംയുക്ത റിപ്പോർട്ട്. ലോക ബാങ്കുമായി ചേർന്ന് തയ്യാറാക്കിയ ‘റാപ്പിഡ് ഡാമേജ് ആൻഡ് നീഡ്സ് അസസ്‌മെന്റ്'’ പ്രകാരം, ഗസയിലെ മനുഷ്യവികസനം 77 വർഷം പിന്നോട്ട് പോയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധം ഗസ്സയുടെ സമ്പദ്‌വ്യവസ്ഥയെ 84 ശതമാനം തകർത്തു. അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടം 35.2 ബില്യൺ ഡോളറാണ്.സാമൂഹിക-സാമ്പത്തിക നഷ്ടം ഏകദേശം 22.7 ബില്യൺ ഡോളർ.ആദ്യ 18 മാസത്തിനുള്ളിൽ അടിസ്ഥാന സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാത്രം 26.3 ബില്യൺ ഡോളർ വേണ്ടിവരും. 3,71,888ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു.
ഗസ്സയിലെ 60 ശതമാനത്തിലധികം ആളുകൾക്കും വീട് നഷ്ടമായി.പകുതിയിലധികം ആശുപത്രികളും പ്രവർത്തനരഹിതമാണ്. ഗസ്സയിലെ മിക്കവാറും എല്ലാ സ്കൂളുകളും ആക്രമിക്കപ്പെട്ടു. 1.9 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി മാറി.പുനർനിർമാണം ഫലസ്തീൻ നേതൃത്വത്തിലായിരിക്കണമെന്നും അവർ പറഞ്ഞു.
സ്ഥിരമായ വെടിനിർത്തൽ, മതിയായ സുരക്ഷ, അനിയന്ത്രിതമായ മാനുഷിക പ്രവേശനം, അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കൽ, ഗസ്സക്കും വെസ്റ്റ് ബാങ്കിനും ഇടയിലുള്ള ആളുകളുടെയും സാധനങ്ങളുടെയും പുനർനിർമാണ വസ്തുക്കളുടെയും നീക്കം എന്നിവയെ ആശ്രയിച്ചിരിക്കും പുരോഗതി എന്ന് റിപ്പോർട്ട് പറഞ്ഞു. അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, പൊട്ടിത്തെറിക്കാത്ത ആയുധ ക്ലിയറൻസ്, സുതാര്യമായ ഭരണനിർവ്വഹണം, ഭവന, ഭൂമി അവകാശങ്ങളുടെ സംരക്ഷണം എന്നിവയും അത്യാവശ്യമാണെന്ന് കൂട്ടിച്ചേർത്തു.
2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 72,562 ആയി ഉയർന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ 1,72,320 ആണ്. 2025 ഒക്ടോബർ 11ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം മാത്രം 786 പേർ കൊല്ലപ്പെടുകയും 761 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തുകയും ചെയ്തു.
ഇന്നും നിരവധി മൃതദേഹങ്ങൾ റോഡുകളിലും കെട്ടിടാവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്താൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

