ഡൽഹിയിൽ കനത്ത മഴക്കിടെ നാല് കുട്ടികളുൾപ്പടെ ആറ് പേർ മുങ്ങി മരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വ്യത്യസ്ത സംഭവങ്ങളിലായി കനത്ത മഴക്കിടെ നാല് കുട്ടികളുൾപ്പടെ ആറ് പേർ മുങ്ങി മരിച്ചു. ഒരു വയോധികനും മരിച്ചവരിൽ ഉൾപ്പെടുന്നു. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ ഇപ്പോഴും പ്രളയസമാന സാഹചര്യം തുടരുകയാണ്.
ഡൽഹി ഓഖ്‍ലയിൽ അണ്ടർ പാസിലാണ് 60കാരൻ മുങ്ങിമരിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി അണ്ടർപാസിൽ വെള്ളക്കെട്ട് തുടരുകയാണ്. ശനിയാഴ്ച പെയ്ത കനത്ത മഴ സ്ഥിതി വീണ്ടും രൂക്ഷമാക്കിയിരുന്നു. ദ്വിഗ്വിജയ് കുമാർ ചൗധരിയെന്ന ജാതിപൂർ സ്വദേശിയാണ് മരിച്ചത്.
ഇയാൾ തന്റെ സ്കൂട്ടർ വെള്ളം നിറഞ്ഞ അണ്ടർ പാസിലേക്ക് ഇറക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ദ്വിഗ്വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൽഹി സമയ്പൂർ ഏരിയയിലെ അണ്ടർപാസിലാണ് രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇവിടെ രണ്ടര മുതൽ മൂന്ന് അടി വരെ വെള്ളമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടികൾ വെള്ളത്തിൽ മുങ്ങിയെന്ന വിവരത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികൾ വെള്ളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ വടക്ക്-കിഴക്ക് ഡൽഹിയിൽ അഴുക്കുചാലിൽ മുങ്ങി എട്ടും പത്തും വയസ് പ്രായമുള്ള രണ്ട് കുട്ടികൾ മരിച്ചു. ന്യൂഉസ്മാൻപൂർ ഏരിയയിലാണ് അപകടം. ഷാലിമാർബാഗ് ഏരിയയിലെ അണ്ടർപാസിൽ 20 കാരനും മുങ്ങി മരിച്ചു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

