ഡൽഹിയിൽ കണ്ടെയ്നറിൽ കിടന്നുറങ്ങിയ ആറുപേർ ശ്വാസംമുട്ടി മരിച്ചു
text_fieldsന്യൂഡൽഹി∙ ഡൽഹി കന്‍റോൺമെന്‍റിൽ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിച്ചു. രുദ്രാപുർ സ്വദേശികളായ അമിത്, പങ്കജ്, അനിൽ, നേപ്പാള്‍ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ അവധ്ലാൽ, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.
കാറ്ററിങ് തൊഴിലാളികളായ ഇവർ വിവാഹസൽക്കാരത്തിന് ഭക്ഷണമൊരുക്കാനായാണ് ഡൽഹിയിലെത്തിയത്. കടുത്ത തണുപ്പിൽനിന്നു രക്ഷനേടാൻ പാത്രങ്ങൾ സൂക്ഷിച്ചിരുന്ന വലിയ കണ്ടെയ്നറിനുള്ളിൽ തന്തൂരി അടുപ്പിൽ തീ കാഞ്ഞശേഷം അതു കെടുത്താതെയാണ് കിടന്നുറങ്ങിയത്. ഉറങ്ങാൻ പോകുമ്പോൾ കണ്ടെയ്നറിന്‍റെ വാതിലുകളും അടിച്ചിരുന്നു. ഇതാണു ശ്വാസംമുട്ടി മരിക്കാൻ കാരണം.
ഇവരുടെ സൂപ്പർവൈസറായ നിർമൽ സിങ് പുലർച്ചെ ഞെട്ടിയുണർന്ന് മറ്റുള്ളവരെ ഉണർത്താൻ ശ്രമിച്ചിരുന്നു. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി തൊഴിലാളികളെ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത്, പങ്കജ്, അനിൽ, കമൽ എന്നിവർ മരിച്ചിരുന്നു. അവധ്ലാലും ദീപ് ചന്ദും ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു.
കണ്ടെയ്നറിനുള്ളിലെ കാർബൺ മോണോക്സൈഡ് ശ്വസിച്ചതായിരിക്കാം മരണകാരണമെന്ന് പൊലീസ് ഓഫിസർ അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
