ഭീകരാക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും സൈനികരുമടക്കം ഏഴു പേർക്ക് വീരമൃത്യു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഭീകരാക്രമണത്തിൽ അസം റൈഫിൾസ് കമാൻഡിങ് ഓഫീസറും ഭാര്യയും മകനും സൈനികരുമടക്കം ഏഴു പേർ വീരമൃത്യു വരിച്ചു. കമാൻഡിങ് ഒാഫീസറും കുടുംബവും സൈനകരും സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന് നേരെ ഇന്ന് രാവിലെ10 മണിയോടെയാണ് ആക്രമണമുണ്ടായത്. മണിപ്പൂരിലെ ചുരാചന്ദപൂർ ജില്ലയിലെ സിങ്ഗാട്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്.
അസം റൈഫിൾസിലെ കമാൻഡിങ് ഒാഫീസർ വിപ്ലവ് തൃപാഠിയും ഭാര്യയും മകനും നാല് സൈനികരുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പ്ൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിറകിെലന്ന് സംശയമുണ്ട്. എന്നാൽ, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് നൂറു കിലോമീറ്ററോളം അകലെയാണ് ആക്രമണം നടന്ന സ്ഥലം. മ്യാൻമർ അതിർത്തിയോടടുത്താണ് ഇത്.
ആക്രമണം നടന്നതായും കമാൻഡിങ് ഒാഫീസറും കുടുംബവും സൈനികരും വീരമതൃത്യു വരിച്ചതായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈരൺ സിങ് അറിയിച്ചു. അക്രമികളെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അവരെ നീതിക്ക് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.