സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ തീപോലെ പടർന്നേനെ- കേന്ദ്രം സുപ്രീം കോടതിയിൽ
text_fieldsന്യൂ ഡൽഹി: സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ തീപോലെ രാജ്യമെമ്പാടും പടരുമായിരുന്നെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ലഡാക്കിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന്‍റെ അറസ്റ്റിനെതിരെ ഭാര്യ ഗീതാഞ്ജലി നൽകിയ ഹരജി ബുധനാഴ്ച്ച സുപ്രീംകോടതി പരിഗണിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി. ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സോനം വാങ്ചുകിന്റെ ആരോഗ്യനില മോശമായതിനാൽ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ.എസ്.എ) അദ്ദേഹത്തെ തടങ്കലിൽ വച്ചതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ സാധ്യതയുണ്ടോ എന്ന് നേരത്തെ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.
നിർദ്ദേശങ്ങൾ സ്വീകരിച്ച് ബെഞ്ചിനെ അറിയിക്കുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) കെ.എം. നടരാജ് പറഞ്ഞിരുന്നു. ഇടക്കിടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധനക്ക് വാങ്ചുകിന് കോടതി അനുമതി നൽകിയിരുന്നു.
അദ്ദേഹം ആരോഗ്യവാനാണെന്ന് എ.എസ്.ജി കോടതിയെ അറിയിച്ചു. വിഷയത്തിൽ നാളെ സുപ്രീം കോടതി തുടർവാദം കേൾക്കും.
പൊതു ക്രമത്തിനോ ദേശീയ സുരക്ഷയ്‌ക്കോ ഭീഷണിയായി കാണപ്പെടുന്ന വ്യക്തികൾക്കെതിരെ മുൻകൂർ നടപടിയെടുക്കാൻ സർക്കാറുകൾക്ക് അധികാരം നൽകുന്ന എൻ.എസ്.എ പ്രകാരം 2025 സെപ്റ്റംബർ 26 നാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അദ്ദേഹത്തെ ജോധ്പൂരിലേക്ക് മാറ്റി.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

