അറസ്റ്റിലായ ‘എയിംസി’ൽ നിന്നു തന്നെ സീതാറാം മടങ്ങി -ഭാര്യ സീമ ചിശ്തി
text_fieldsഎല്ലാം അപ്രതീക്ഷിതമായിരുന്നു. എന്നിരുന്നാലും ചെയ്യേണ്ടതെല്ലാം ചെയ്തു. കിട്ടാവുന്ന മരുന്നുകളെല്ലാം നൽകി. നൽകാവുന്നതിൽ വെച്ചേറ്റവും മികച്ച ചികിത്സയാണ് എയിംസ് നൽകിയത്.
വിവിധ ഡിപ്പാർട്മെന്റ് തലവന്മാരടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. എയിംസിനെ അത്രക്ക് വിശ്വാസവുമായിരുന്നു യെച്ചൂരിക്ക്. ചെറിയൊരു അസുഖം വന്നാൽ പോലും അങ്ങോട്ട് പോകാമെന്ന് പറയും.
ഇതേ എയിംസിൽ നിന്നായിരുന്നു 1975ൽ അടിയന്തരാവസ്ഥവേളയിൽ സീതാറാമിന്റെ അറസ്റ്റ്. പിതാവിനെ എയിംസിൽ പ്രവേശിപ്പിച്ച സമയമായിരുന്നു അത്. ജെ.എൻ.യുവിലെ വിദ്യാർഥി യൂനിയൻ പ്രസിഡന്റായിരുന്നു. ഒളിവിൽ പോയ സീതാറാം യെച്ചൂരി എയിംസിലുള്ള പിതാവിനെ കാണാൻ വരാതിരിക്കില്ലെന്ന് പൊലീസ് ഉറപ്പിച്ചു.
മൂത്ത മകനായിരുന്നല്ലോ. പൊലീസിന്റെ പ്രതീക്ഷ തെറ്റിയില്ല. എൻജിനീയറായിരുന്ന പിതാവിനെ രാത്രി എയിംസിലെ ആശുപത്രി വാർഡിൽ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

