രാമക്ഷേത്ര സംഭാവനക്കൊള്ള: അഞ്ചു വർഷത്തെ അക്കൗണ്ടുകൾ എസ്.ഐ.ടി പരിശോധിക്കും
text_fieldsഅയോധ്യ രാമക്ഷേത്രം
അയോധ്യ: രാമക്ഷേത്രത്തിലേക്കു വന്ന സംഭാവനകൾ കാവൽക്കാർ തന്നെ കട്ടുമുടിച്ചുവെന്ന നാണക്കേടിലായ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പഴയ അക്കൗണ്ടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ അക്കൗണ്ടുകൾ വീണ്ടും ഓഡിറ്റ് ചെയ്യാനാണ് തീരുമാനം.
പ്രാഥമിക അന്വേഷണത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണിതെന്ന് അധികൃതർ അറിയിച്ചു. നിർമാണത്തിന് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി ആഭരണങ്ങൾക്കും മറ്റ് വസ്തുക്കൾക്കും ഓഡിറ്റ് ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കേസിൽ കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി അവിനാഷ് ശുക്ലയെ അയോധ്യ പൊലീസ് ചോദ്യം ചെയ്തു. കേസിൽ ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത് ശുക്ലയിൽ നിന്നാണെന്നും പൊലീസ് അറിയിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ആർ.എസ്.എസ്-വി.എച്ച്.പി നേതാവുമായ ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, ക്ഷേത്ര നിർമാണവുമായും നടത്തിപ്പുമായും ബന്ധമുള്ള ഗോപാൽ റാവു എന്നിവരെ എസ്.ഐ.ടി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
റായ്, മിശ്ര എന്നിവർ ട്രസ്റ്റിൽനിന്ന് രാജിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരാനിരിക്കുന്ന യോഗത്തിൽ ട്രസ്റ്റ് ഇവരുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. ജൂൺ ഏഴിനാണ് രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഉത്തർപ്രദേശ് സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ടുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ, ലഖ്നോവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്‍റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

