ആപ്പിൾ സിരിക്ക് ‘ജിഹാദി അജണ്ട’! ‘സലാം’ പറയും, ‘ജയ് ശ്രീറാ’മിന് മറുപടിയില്ല; ബഹിഷ്‍കരണ ഭീഷണി
text_fieldsപവൻ പഥക്
ഭോപ്പാല്‍: ആപ്പിളിന്റെ വിര്‍ച്വല്‍ വോയിസ് അസിസ്റ്റന്റായ സിരി ‘ഹിന്ദുവിരുദ്ധ’മെന്ന ആരോപണവുമായി ഹിന്ദുത്വ പ്രവര്‍ത്തകൻ. ‘സലാം അലൈക്കും’, ‘ജയ് ശ്രീറാം’ എന്നിവക്കുള്ള സിരിയുടെ മറുപടികളാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
‘ജയ് ശ്രീറാം’ എന്ന് പറഞ്ഞാല്‍ സിരി മറുപടി നല്‍കുന്നില്ല. എന്നാൽ, ‘അസ്സലാമു അലൈക്കും’ പറഞ്ഞാല്‍ മറുപടിയായി ‘വ അലൈക്കുമുസ്സലാം’ എന്ന് പറയുന്നുമുണ്ട്. ഉജ്ജയിനിലെ ഹിന്ദുത്വ പ്രവര്‍ത്തകനും ജ്യോതിഷിയുമായ പവന്‍ പഥക്കാണ് സിരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
യുവാവ് പങ്കുവെച്ച വിവരങ്ങൾ:
യുവാവ്: "ഹേയ് സിരി, ജയ്ശ്രീ മഹാകാൽ."
സിരി: "നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ജയ്ശ്രീ മഹാകാൽ എന്ന പേരിൽ ആരുമില്ല. നിങ്ങൾ ആരുടെ വിവരങ്ങളാണ് തിരയുന്നത്?"
യുവാവ്: "ഹേയ് സിരി, ജയ് ശ്രീറാം."
സിരി: "ഹലോ, നിങ്ങളുടെ ദിവസം ശുഭകരമാകട്ടെ."
‘ഇതൊരു ഐഫോൺ ആണ്... ഇത് ‘സലാം അലൈക്കും’ എന്നതിന് കൃത്യമായി മറുപടി നൽകുന്നു, എന്നാൽ, ഹിന്ദു ദൈവങ്ങളുടെ നാമങ്ങൾക്ക് അർഹമായ രീതിയിൽ മറുപടി നൽകുന്നില്ല. ഇന്ത്യയിലെ കോടിക്കണക്കിന് ഹിന്ദുക്കൾ ഐഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത് എവിടെയോ നമ്മളോട് ചെയ്യുന്ന ചതിയാണ്. നമ്മുടെ ഡേറ്റ കൈക്കലാക്കുന്നതിനൊപ്പം നമുക്കെതിരെ ഇത്തരമൊരു ഗൂഢാലോചനയും നടക്കുന്നു’ -പവന്‍ പഥക് ആരോപിച്ചു.
കമ്പനിയുടെ ഈ സമീപനത്തിന് പിന്നിൽ പ്രത്യേക മാനസികാവസ്ഥയാണെന്നും, പത്തോളം ഫോണുകളിൽ താൻ ഇത് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാൻ ആപ്പിൾ തയാറായില്ലെങ്കിൽ ഐഫോൺ ബഹിഷ്കരിക്കണമെന്നും വിഡിയോയിലൂടെ ആവശ്യപ്പെടുന്നുമുണ്ട്.
സംഭവം ശ്രദ്ധയിൽപെട്ട വിശ്വഹിന്ദു പരിഷത്ത്, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് കത്ത് നല്‍കി. സിരിയുടെ ഫീച്ചര്‍ ആസൂത്രിതമായ ‘ജിഹാദി’ന്റെ ഭാഗമാണെന്നും ഹിന്ദു മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ പറയുന്നു.
‘ഒരു മതത്തിന് മാത്രം മുന്‍ഗണന നല്‍കുകയും ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുകയും ചെയ്യുകയാണ്. ‘അസ്സലാമു അലൈക്കും’ എന്ന് പറയുമ്പോള്‍ മറുപടി നല്‍കുന്ന ഫീച്ചര്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ ‘ജയ് ശ്രീറാം’, ‘ജയ് മഹാകാല്‍’, ‘ജയ്ശ്രീ ശ്യാം’ തുടങ്ങിയ നമ്മുടെ ദേവീദേവന്മാരുമായി ബന്ധപ്പെട്ട അഭിവാദ്യങ്ങള്‍ക്കും അതേരീതിയില്‍ മറുപടി നല്‍കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.’ -വി.എച്ച്.പി ഉജ്ജയിന്‍ ജില്ല പ്രസിഡന്റ് രാജേഷ് അഞ്ജന പറഞ്ഞു.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യണമെങ്കില്‍ എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ഐഫോണ്‍ ഉപയോക്താക്കള്‍ പരാതികളുമായി ഞങ്ങളെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഇടപെടാന്‍ തീരുമാനിച്ചതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

