തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി; ജോലിഭാരം കാരണമെന്ന് കുടുംബം
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) ജോലിയിലായിരുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ആത്മഹത്യചെയ്തു. തിരുക്കോയിലൂരിനടുത്ത് ശിവണാർതാങ്കളിലെ വില്ലേജ് അസിസ്റ്റന്റ് ജാഹിത ബീഗ(38)മാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെയും ഭരണകക്ഷിനേതാക്കളുടെയും സമ്മർദവും കാരണമാണ് മരണമെന്ന് കുടുംബവും സഹപ്രവർത്തകരും കുറ്റപ്പെടുത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
എസ്.ഐ.ആറിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണംചെയ്യുന്ന ജോലിയിലായിരുന്നു ഇവർ. ഉദ്ദേശിച്ചത്ര ഫോം വിതരണംചെയ്യാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. ശേഖരിച്ച ഫോറങ്ങൾ ഡിജിറ്റൈസ് ചെയ്യാനും പറ്റിയില്ല. ഇതിന്റെപേരിൽ മേലുദ്യോഗസ്ഥരും പ്രാദേശിക ഡി.എം.കെ നേതാക്കളും ജാഹിതയെ ശാസിച്ചിരുന്നതായി ഭർത്താവ് മുബാറക് പറഞ്ഞു.
“35 ഫോമുകളാണ് ഇതുവരെ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയതെന്നാണ് ജാഹിത പറഞ്ഞത്. പൂരിപ്പിച്ച 80 എസ്.ഐ.ആർ ഫോമുകൾ ശേഖരിച്ചു. 800 ഫോമുകൾ വാങ്ങണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും ജോലിക്കാര്യവുമായി ബന്ധപ്പെട്ട് നിരന്തരം അവരെ ശകാരിക്കുകയും കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതോടെ വലിയ മാനസിക സമ്മർദത്തിലായിരുന്നു ജാഹിത. കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം വീണ്ടും ഫോമുകൾ അപ്ലോഡ് ചെയ്യുന്ന ജോലിയിലായിരുന്നു. ഇതിനിടെ ഞാൻ പുറത്തുപോയി. തിരിച്ചുവന്നപ്പോൾ ജാഹിതയെ തൂങ്ങിയ നിലയിലാണ് കണ്ടത്” -മുബാറക് പറഞ്ഞു.
ജോലിഭാരത്തെ തുടർന്ന് രാജ്യവ്യാപകമായി നിരവധി ബി.എൽ.ഒമാരാണ് അടുത്ത ഏതാനും ദിവസങ്ങളായി ജീവനൊടുക്കിയത്. അടിയന്തര ഇടപെടൽ നടത്തണമെന്നും രാപകൽ ഭേദമില്ലാതെ ജോലി ചെയ്യുന്നത് മാനസിക സമ്മർദത്തിന് ഇടയാക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ നിശ്ചയിച്ച തീയതിക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെയും ഉന്നതോദ്യോഗസ്ഥരുടെയും നിർദേശം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

