പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം
text_fieldsചെന്നൈ: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്.ഐ.ആർ) സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതായി ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) നേതൃത്വം തിങ്കളാഴ്ച അറിയിച്ചു.
കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോകുന്നതിനിടെയാണ് തമിഴ്നാടിന്റെ നീക്കം. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഞായറാഴ്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർകക്ഷിയോഗം തീരുമാനിച്ചിരുന്നു.
വോട്ടർപട്ടിക പരിഷ്കരണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കിയിരുന്നു. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. ‘ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഒക്ടോബർ 27ലെ വിജ്ഞാപനം പ്രകാരം തമിഴ്‌നാട്ടിൽ എസ്.ഐ.ആറുമായി മുന്നോട്ട് പോകാനുള്ള ഇ.സി.ഐയുടെ തീരുമാനം അടിമുടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് മേലുള്ള ആക്രമണവുമാണ്,’ പ്രമേയത്തിൽ പറയുന്നു.
എസ്.ഐ.ആർ അസ്വീകാര്യമാണെന്ന് പറഞ്ഞ സർവ്വകക്ഷി യോഗം, ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ നടപടിക്രമം ഉടൻ പിൻവലിക്കണമെന്നും ഇ.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾ അംഗീകരിക്കാൻ ഇ.സി.ഐ വിസമ്മതിച്ചതിനാൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രമേയം.
ഇ.സി.ഐ വിജ്ഞാപനത്തിലെ പോരായ്മകൾ പരിഹരിക്കണം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കണം, പ്രക്രിയക്ക് മതിയായ സമയം അനുവദിക്കണം, 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പൂർണ്ണമായും നിഷ്പക്ഷവും സ്വതന്ത്രവുമായ രീതിയിൽ എസ്.ഐ.ആർ നടത്തണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

