എസ്.ഐ.ആർ: ബംഗാളിൽ ഗുരുതര വീഴ്ചകൾ -മമത
text_fieldsമമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.
തമിഴ്നാട്ടിൽ അസാധാരണ വെട്ടിനിരത്തൽ
ചെന്നൈ: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ(എസ്.ഐ.ആർ) പ്രക്രിയയിൽ അസാധാരണവും സംശയകരവുമായ വെട്ടിനിരത്തിലുണ്ടായതായി ആരോപണം ശക്തം. മൊത്തം 97.3 ലക്ഷം പേരെയാണ് വോട്ടർപട്ടികകളിൽനിന്ന് ഒറ്റയടിക്ക് ഒഴിവാക്കിയത്. 6.41 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് എസ്.ഐ.ആറിനുശേഷം 5.43 കോടിയായി കുറഞ്ഞു.
27 ലക്ഷം പേർ ‘മരിച്ച’വരുടെ പട്ടികയിലും സംസ്ഥാനത്തിന് പുറത്തേക്ക് പോയ 66 ലക്ഷത്തോളം പേരുകളും ഇല്ലാതാക്കിയവരിൽ ഉൾപ്പെടുന്നു. ഏകദേശം 3.4 ലക്ഷം പേരുകൾ ഇരട്ടിയായി രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഡി.എം.കെക്ക് സ്വാധീനമുള്ള ചെന്നൈ മേഖലയിൽ 14.25 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തു. ഇതിൽ 1.56 ലക്ഷം ‘മരിച്ച’ വോട്ടർമാരും 12 ലക്ഷത്തിലധികം പേർ താമസസ്ഥലം മാറിയതായുമാണ് കണക്ക്. കോയമ്പത്തൂരിൽ 6.5 ലക്ഷം പേരുകൾ ഒഴിവാക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

