ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഗുജറാത്തിൽ 68 ലക്ഷം പേർ പുറത്ത്
text_fieldsന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision - SIR) നടപടികൾ പൂർത്തിയായി. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
പട്ടിക പുതുക്കിയതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടർമാരാണ് ഗുജറാത്തിലെ പട്ടികയിൽ നിന്നും പുറത്തായത്. പുതുക്കലിന് മുൻപ് 5.08 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 4.40 കോടിയായി കുറഞ്ഞു (-13.40%).
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ അന്തിമ പട്ടിക നടപടികൾ പൂർത്തിയായി. മധ്യപ്രദേശിൽ 34,25,078 പേരെ ഒഴിവാക്കി 5.39 കോടി വോട്ടർമാരെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലും സമാനാവസ്ഥയാണ്. രാജസ്ഥാനിൽ 31,36,286 പേരെയാണ് പുതിയ പട്ടികയിൽ നിന്നും ഒഴുവാക്കിയത്. ഇതോടെ ആകെ വോട്ടർമാർ 5.15 കോടിയായി. ഛത്തീസ്‌ഗഡിൽ പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം 24,99,823 പേരെ ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.
മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് വരിക, മറ്റ് അയോഗ്യതകൾ എന്നിവയാണ് വോട്ടർമാരെ ഒഴിവാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടർമാരെ ചേർത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടർ പട്ടിക പുതുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

