എസ്.ഐ.ആർ; പോരായ്മകൾ അക്കമിട്ട് രാഷ്ട്രീയ പാർട്ടികൾ
text_fieldsതിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. മതിയായ പരിശീലനം നൽകാത്തതിനാൽ വോട്ടർമാർക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ ബി.എൽ.ഒമാർക്ക് കഴിയുന്നില്ല. നാട്ടിലില്ലാത്തയാളുടെ ഫോം കുടുംബാംഗത്തിൽ നിന്ന് ഒപ്പിട്ടുവാങ്ങാമെന്നിരിക്കെ പല ബി.എൽ.ഒമാരും തങ്ങൾക്ക് ഇക്കാര്യത്തിൽ നിർദേശമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി മടങ്ങുകയാണെന്നും വിമർശനമുയർന്നു.
എസ്.ഐ.ആർ നടപടികളുടെ പുരോഗതി അവലോകനം ചെയ്യാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു വിമർശനങ്ങൾ. ‘അന്ധൻ ആനയെ കണ്ടപോലെ’യാണ് പല ബി.എൽ.ഒമാരുമെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചൂണ്ടിക്കാട്ടി. എന്യൂമറേഷൻ ഘട്ടത്തിന്‍റെയെങ്കിലും സമയപരിധി നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.ആറിനെ നിയമപരമായി ചോദ്യം ചെയ്യാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുകയാണെന്ന് സി.പി.എം പ്രതിനിധി എം.വിജയകുമാർ സി.ഇ.ഒയെ അറിയിച്ചു. ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ), രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്‍റുമാരും (ബി.എൽ.എ) ഒന്നിച്ച് എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് ഇറങ്ങണമെന്നാണ് നിർദേശമെന്നും എന്നാൽ പലയിടങ്ങളിലും ഒരു ഏകോപനവും ആസൂത്രണവുമില്ലെന്നും വിമർശനമുണ്ടായി. അതേസമയം തെറ്റിദ്ധാരണകൾ നീക്കാൻ കൃത്യമായ നിർദേശങ്ങൾ കൈമാറാമെന്നും കലക്ടർമാരുടെ യോഗത്തിൽ ഇക്കാര്യം അടിയന്തരമായി ചൂണ്ടിക്കാട്ടുമെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു. ബി.എൽ.ഒ-ബി.എൽ.എ ഏകോപനത്തിലെ പോരായ്മ പരിഹരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.
പോരായ്മകളുണ്ടെന്ന് ബി.ജെ.പി പ്രതിനിധിയും
ബി.എൽ.എഒമാരുടെ കാര്യത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ബി.ജെ.പി പ്രതിനിധി ജെ.ആർ. പത്മകുമാറും. പൊതുവിൽ എസ്.ഐ.ആറിനെ പിന്തുണക്കുന്ന സമീപനം സ്വീകരിക്കുന്നതിനിടെയാണ് പോരായ്മകൾ ബി.ജെ.പിയും തുറന്നുപറഞ്ഞത്. പ്രായോഗികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്നും ഇത് പരിഹരിക്കണമെന്നും യോഗത്തിൽ ജെ.ആർ. പത്മകുമാർ ആവശ്യപ്പെട്ടു. ചില ബി.എൽ.ഒമാർക്ക് പരിശീലനത്തിന്‍റെ കുറവുണ്ട്. സാധാരണക്കാരോട് കാര്യങ്ങൾ വിശദീകരിക്കാൻ ഇവർക്ക് കഴിയുന്നില്ല. വീടുകളിൽ നേരിട്ട് പോകണമെന്ന കമീഷന്റെ നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നും പത്മകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

