എസ്.ഐ.ആർ: വിജ്ഞാപനം സംശയനിഴലിൽ; രേഖകളില്ലെങ്കിൽ പൗരത്വനിയമ നടപടി?
text_fieldsതിരുവനന്തപുരം: 2002ലെ വോട്ടർ പട്ടികയിൽ രക്ഷിതാക്കൾ പോലും ഉൾപ്പെടാത്തവരും കേന്ദ്ര കമീഷൻ നിഷ്കർഷിച്ച 12 തിരിച്ചറിയൽ രേഖകളില്ലാത്തവർക്കുമെതിരെ പൗരത്വ നിയമപ്രകാരം നടപടിയെടുക്കണമെന്ന് മാസങ്ങൾക്ക് മുൻപേ എസ്.ഐ.ആർ വിജ്ഞാപനം.
2025 ജൂൺ 24 ലെ വിജ്ഞാപനത്തിന്‍റെ അനുബന്ധത്തിലെ എസ്.ഐ.ആർ മാർഗനിർദേശങ്ങളിലാണ് (അഞ്ച്-ബി) ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് അപകടകരമായ പരാമർശമാണെന്നും പട്ടികയിൽ പേരില്ലാത്തവരും തിരിച്ചറിയിൽ രേഖകളില്ലാത്തവരും പൗരത്വനിയമപ്രകാരമുള്ള നടപടി ഭയന്ന് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമാണുണ്ടാക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വിളിച്ച രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരോടാണ് (ഇ.ആർ.ഒ) ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ആർ.ഒമാർ സംശയം പ്രകടിപ്പിച്ചാൽ അത്തരം വ്യക്തികൾ ഏകപക്ഷീയമായി അന്വേഷണത്തിന് വിധേയമാകും.
‘‘എല്ലാവരുടെയും കൈവശം രേഖകൾ ഉണ്ടാകണമെന്നില്ല. പത്താം ക്ലാസ് വരെ പഠിച്ചിട്ടില്ലാത്തവരും പാസ്പോർട്ട് എടുത്തിട്ടില്ലാത്തവരും നാട്ടിലുണ്ട്. 1980ന് ശേഷമാണ് സംസ്ഥാനത്ത് ജനന സർട്ടിഫിക്കറ്റ് തന്നെ വിതരണം ചെയ്ത് തുടങ്ങിയത്. ജീവനക്കാരനാണെങ്കിലേ പെൻഷൻ രേഖകൾ കിട്ടൂ. വനപ്രദേശത്ത് താമസിക്കുന്നവർക്കേ വനാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാകൂ. ഇതൊന്നുമില്ലാത്ത നിരവധി പേർ ഇവിടെയുണ്ട്. ഇക്കാര്യത്തിൽ കമീഷൻ വ്യക്തത വരുത്തണം’’ -മുഹമ്മദ് ഷാ കൂട്ടിച്ചേർത്തു.
ഇത്തരക്കാരുടെ കാര്യത്തിൽ സേവനാവകാശ നിയമപ്രകാരം ആവശ്യമായ രേഖകൾ ലഭ്യമാക്കാൻ വകുപ്പുകളോട് ആവശ്യപ്പെടാമെന്ന് സി.ഇ.ഒ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. രേഖകൾ ഇല്ലാത്തതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുള്ളവരുടെ പട്ടിക നൽകിയാൽ അർഹരാണെങ്കിൽ കമീഷൻ അവരെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ആറിലെ സമയക്രമത്തിനെതിരെ രൂക്ഷ വിമർശനമാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലുണ്ടായത്.
കോടതിയും ഇക്കാര്യത്തിൽ ആശാവഹമായ നിലപാടല്ല എടുത്തതെന്ന് സി.പി.എം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു. എന്യൂമറേഷൻ നടപടികൾക്കായി വിദ്യാർഥികളെ വിന്യസിക്കാൻ ആരാണ് കമീഷന് അധികാരം നൽകിയതെന്ന് സി.പി.ഐ പ്രതിനിധി സത്യൻ മൊകേരി ചോദിച്ചു. എം.കെ. റഹ്മാൻ (കോൺഗ്രസ്), അഡ്വ. മാത്യൂ ജോർജ് (കേരള കോൺഗ്രസ്), കെ. ജയകുമാർ, പി.ജി. പ്രസന്നകുമാർ (ആർ.എസ്.പി) അഡ്വ. ജെ.ആർ. പത്മകുമാർ (ബി.ജെ.പി) എന്നിവർ സംബന്ധിച്ചു.
തിരികെ കിട്ടാത്ത ഫോമുകൾ ‘സ്ഥലംമാറി’യതാക്കുന്നു
തിരുവനന്തപുരം: വിതരണം ചെയ്തെങ്കിലും തിരികെ കിട്ടാത്ത ഫോമുകൾ ‘സ്ഥലം മാറിപ്പോയവരുടെ’ പട്ടികയിലേക്ക് മാറ്റാൻ ബി.എൽ.ഒമാരോട് പല ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാരും (ഇ.ആർ.ഒ) ആവശ്യപ്പെടുകയാണെന്ന് വിമർശനം. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വിളിച്ച യോഗത്തിൽ കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിലെ വോട്ടർപട്ടികയിൽ പേരുള്ളവരെ ഇത്തരത്തിൽ ‘ഷിഫ്റ്റി’ലേക്ക് മാറ്റുന്നതോടെ ‘കണ്ടെത്താനാകാത്ത’വരുടെ പട്ടികയിലാകും ഇവരെത്തുക. പിന്നീട് വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ ഓഫിസുകൾ കയറി ഇറങ്ങേണ്ടിവരും.
2002ലെ പട്ടികയിൽ പേരില്ലാത്തവരോട് ‘നിങ്ങൾ ആ ഭാഗം പൂരിപ്പിക്കേണ്ടെ’ന്നാണ് ചില ബി.എൽ.ഒമാർ പറയുന്നത്. എങ്ങനെയെങ്കിലും ഫോം പൂരിപ്പിച്ച് തിരികെ വാങ്ങണമെന്നാണ് നിർദേശമാണ് ഇവർക്കുള്ളത്. ഇത് പിന്നീട് വലിയ ആശയക്കുഴപ്പങ്ങൾക്കാകും ഇടയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൈസേഷന് കമീഷൻ ധൃതി കൂട്ടുന്നുവെങ്കിലും ആപിലെ സങ്കേതിക പ്രശ്നങ്ങൾ മൂലം ബി.എൽ.ഒമാർ വട്ടം കറങ്ങുകയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ആപ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ഫോം അപ്‌ലോഡ് ചെയ്യാൻ പോലും ബി.എൽ.ഒമാർക്ക് സാധിക്കുന്നില്ലെന്നും സി.പി.എം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ചെയ്യാവുന്ന കാര്യം ഇപ്പോൾ അരമണിക്കൂർ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഒരേ സമയത്ത് ഫോം നൽകിയവരാണെങ്കിലും ഡിജിറ്റൈസേഷൻ നടക്കുന്നത് പല സമയത്താണെന്നതിനാൽ ആളുകളിൽ ആശങ്ക നിലനിൽക്കുന്നു. ഫോൺ നമ്പർ ലിങ്ക് ചെയ്യാനാകില്ലെന്ന് പറഞ്ഞാണ് ചിലരുടേത് വൈകുന്നത്. പൂരിപ്പിച്ച് നൽകുന്ന എല്ലാവരുടെയും ഫോം ഡിജിറ്റൈസ് ചെയ്യാനുള്ള നപടിയുണ്ടാകണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

