എസ്.ഐ.ആർ പേരുചേർക്കൽ പ്രവാസികളെ വലക്കും; ബന്ധുവിന്റെ എപ്പിക് നമ്പറിന് കോളമില്ല
text_fieldsതിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) കരട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ പട്ടികയിൽ പേരില്ലാത്തവർക്ക് പേര് ചേർക്കാനുള്ള സൗകര്യം ആരംഭിച്ചപ്പോൾ, പ്രവാസികൾക്ക് പട്ടികയിൽ ചേരുന്നതിനുള്ള ഫോം 6 എയിൽ ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്താൻ കോളമില്ലാത്തത് വെല്ലുവിളിയാകുന്നു. സാധാരണ ബന്ധുവിന്റെ എപ്പിക് നമ്പർ അടിസ്ഥാനപ്പെടുത്തിയാണ് സൂക്ഷ്മ പരിശോധനയും ഫാമിലി ഗ്രൂപ്പിങ്ങും നടക്കുക. എന്നാൽ ബന്ധുവിന്റെ എപ്പിക് നമ്പർ കോളമില്ലാത്തത് അപേക്ഷകൾ തെറ്റായ പോളിങ് ബൂത്തുകളിൽ ഉൾപ്പെടാൻ ഇടവരുത്തും. ഇതാകട്ടെ പരിശോധന പരാജയപ്പെടുന്നതിനും അപേക്ഷകൾ നിരസിക്കപ്പെടുന്നതിനും കാരണമാവുകയും ചെയ്യുമെന്നാണ് വിമർശനം. ഈ സാഹചര്യത്തിൽ ഫോം 6 എയിൽ ബന്ധുവിന്റെ എപ്പിക് നമ്പർ ഉൾപ്പെടുത്താനുള്ള കോളം നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഫോം 6 എ സമർപ്പിക്കുന്ന ഘട്ടത്തിൽ വിദേശത്ത് ജനിച്ച പൗരന്മാരുടെ ജന്മസ്ഥലം സംബന്ധിച്ച പ്രശ്നങ്ങളും പ്രവാസികളെ വട്ടംകറക്കുകയാണ്. ചട്ടപ്രകാരം 1992ന് മുമ്പ് ഇന്ത്യക്ക് പുറത്ത് ജനിച്ചവരില്‍ ഇന്ത്യയില്‍ പിതാവിന് പൗരത്വമുണ്ടെങ്കിലും അതുപോലെ 1992ന് ശേഷം ജനിച്ചവരില്‍ മാതാവിനും പിതാവിനും ഇന്ത്യയില്‍ പൗരത്വമുണ്ടെങ്കിലും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. എന്നാൽ, ഇത്തരക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴാണ് പ്രശ്നമുള്ളത്. ഫോം 6 എ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ ജനിച്ച സ്ഥലത്തിന്റെ കോളത്തില്‍ ‘ഇന്ത്യൻ സംസ്ഥാനങ്ങൾ’ മാത്രമാണ് കാണിക്കുന്നത്. വിദേശത്തെ സ്ഥലങ്ങൾ ചേർക്കാൻ സൗകര്യമില്ല.
ഇത് മൂലം അപേക്ഷ നടപടികൾ മുടങ്ങുകയാണെന്നാണ് വിമർശനം. ഇതിന് പരിഹാരമായി സംസ്ഥാനങ്ങളുടെ പട്ടികയിൽ ‘ഇന്ത്യക്ക് പുറത്ത് ജനിച്ചവർ’ എന്ന ഓപ്ഷൻ കൂടി ചേർക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് നിലവിൽ ഇന്ത്യൻ ഐ.പി അഡ്രസ്സുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതാണ് പ്രവാസികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. വിദേശത്തുള്ള പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് പോർട്ടൽ ആഗോളതലത്തിൽ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
മാപ്പിങ്ങിന് സാധിക്കാത്തവരുടെ കാര്യത്തിൽ രേഖകൾ സമർപ്പിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. 1987ന് മുമ്പ് ജനിച്ച വോട്ടർമാർ പ്രത്യേക ജനന രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥ പിന്നോക്ക വിഭാഗങ്ങൾക്കും മറ്റും വലിയ തടസ്സമാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ലഭ്യമല്ലാത്തതിനാൽ അർഹരായ പൗരന്മാർ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെടാനിടയാകും. 1987ന് മുമ്പുള്ള കേസുകളിൽ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകളും അക്കാലത്തെ മറ്റ് ഔദ്യോഗിക രേഖകളും സാധുവായ തെളിവായി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

