Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ: കൂടുതൽ പേർ പുറത്തായത് മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർശിദാബാദിൽ; 90.83 ലക്ഷത്തിലധികം പേർക്ക് ബംഗാളിൽ വോട്ടവകാശം ഇല്ലാതായി

text_fields
bookmark_border
എസ്.ഐ.ആർ: കൂടുതൽ പേർ പുറത്തായത് മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർശിദാബാദിൽ; 90.83 ലക്ഷത്തിലധികം പേർക്ക് ബംഗാളിൽ വോട്ടവകാശം ഇല്ലാതായി
cancel

കൊൽക്കത്ത: തുടക്കം മുതൽ വിവാദത്തിലായ പശ്ചിമ ബംഗാൾ എസ്.ഐ.ആറിൽ 91 ലക്ഷം വോട്ടർമാർ അസാധാരണമാംവിധം പുറത്തായതായി തെരഞ്ഞെടുപ്പ് കമീഷൻ കണക്കുകൾ. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർശിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്ന് കമീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ബംഗാൾ പിടിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്ക് വോട്ടർപട്ടിക കരുവാക്കുന്നുവെന്ന, മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണങ്ങൾ സാധൂകരിക്കും വിധമാണ് എസ്.ഐ.ആറിനുശേഷമുള്ള കമീഷന്റെത്തന്നെ കണക്കുകൾ.

അതേസമയം, പരിഷ്കരണ പ്രക്രിയക്കു ശേഷം സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം വരെ തിരിച്ചറിഞ്ഞ 7.66 കോടി വോട്ടർമാരിൽ, ജുഡീഷ്യൽ സൂക്ഷ്മ പരിശോധനക്കുശേഷം ഒഴിവാക്കിയവർ 11.85 ശതമാനത്തിലേറെ വരും. ഇതനുസരിച്ച് 90.83 ലക്ഷത്തിലധികം പേരുടെ വോട്ടവകാശം ഇല്ലാതായി.

മമതയുടെ മണ്ഡലം മുതൽ

എസ്.ഐ.ആറിനെതിരെ നേരിട്ട് പോർമുഖം തുറന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്വന്തം മണ്ഡലമായ ഭബാനിപുരിലും കൂട്ട ഒഴിവാക്കലുകൾ നടന്നു. മുർശിദാബാദിൽ മാത്രം ജുഡീഷ്യൽ പരിശോധനക്ക് വിധേയമായ 11.01 ലക്ഷത്തിൽ 4.55 ലക്ഷത്തിലധികം പേരുകളാണ് നീക്കംചെയ്യപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ 2.23 ലക്ഷത്തോളവും, മാൾഡയിൽ 2.39 ലക്ഷത്തിലധികവും, പൂർബ ബർധമാൻ ജില്ലയിൽ 2.09 ലക്ഷവും, നാദിയയിൽ 2.98 ലക്ഷവും ഒഴിവാക്കപ്പെട്ടുവെന്ന് കമീഷൻ ഡേറ്റ കാണിക്കുന്നു. ഹിന്ദു നാമശൂദ്ര, മതുവ സമുദായങ്ങൾ ആധിപത്യം പുലർത്തുന്ന നാദിയ, നോർത്ത് 24 പർഗാനാസ് ജില്ലകളിൽ സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ഇല്ലാതാക്കലുകൾ യഥാക്രമം 77.86 ശതമാനവും 55.08 ശതമാനവുമാണ്.

മുഖ്യമന്ത്രി മമത ബാനർജിയുടെ ഭബാനിപുർ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന കൊൽക്കത്ത സൗത്തിൽ 28,000ത്തിലധികം വോട്ടർമാരെ ഇല്ലാതാക്കി. കൊൽക്കത്ത നോർത്തിൽ പരിശോധനക്ക് വിധേയമായ 39,000 വോട്ടർമാരെ അയോഗ്യരെന്ന് കണ്ട് നീക്കി.

വന്നത് വൻ കുറവ്

ഫെബ്രുവരി 28ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം നവംബറിൽ എസ്‌.ഐ.ആർ പ്രക്രിയ ആരംഭിച്ചതിനുശേഷം 63.66 ലക്ഷം പേരുകൾ (ഏകദേശം 8.3 ശതമാനം വോട്ടർമാർ) നീക്കം ചെയ്യപ്പെട്ടു. ഇത് വോട്ടർമാരുടെ എണ്ണം ഏകദേശം 7.66 കോടിയിൽനിന്ന് വെറും 7.04 കോടിയായി കുറച്ചു.

അന്തിമ പട്ടികയിൽനിന്ന് പേര് നീക്കംചെയ്തതിൽ പരാതിയുള്ള വോട്ടർമാർക്ക് സംസ്ഥാനത്ത് സുപ്രീംകോടതി ഉത്തരവുകൾ പ്രകാരം പ്രത്യേകം സജ്ജീകരിച്ച ട്രൈബ്യൂണലുകളെ സമീപിക്കാമെന്നുണ്ട്. എന്നാൽ, ഇവരെ യോഗ്യരെന്ന് ട്രൈബ്യൂണൽ ജഡ്ജിമാർ കണ്ടെത്തിയാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ആദ്യ ഘട്ടത്തിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതിയായതോടെ ഈ ഘട്ടത്തിൽ ഇനി വോട്ടർ പട്ടികയിൽ പേരുചേർക്കൽ ഉണ്ടാവില്ലെന്ന് മുതിർന്ന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.

എസ്.ഐ.ആർ പരിശോധന നടത്തിയത് സുതാര്യമായെന്ന്

കൊൽക്കത്ത: എസ്.ഐ.ആർ പരിശോധന ഘട്ടം ഘട്ടമായും സുതാര്യവുമായാണ് നടത്തിയതെന്നും അവ ഉറപ്പാക്കുന്നതിനായി ജില്ല തിരിച്ചുള്ള ഡേറ്റ ഇപ്പോൾ പൊതു ഡൊമൈനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തീർപ്പുകൽപിച്ച 60.06 ലക്ഷം വോട്ടർമാരിൽ 59.84 ലക്ഷം പേരുടെ ഡേറ്റ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 22,163 കേസുകൾ തീർപ്പാക്കിയെങ്കിലും ഇവരുടെ ഡിജിറ്റൽ ഒപ്പ് ഉൾപ്പെടെയുള്ള ഔപചാരിക നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഇത് പൂർത്തിയായാൽ അങ്ങോട്ടുമിങ്ങോട്ടും ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

നിർണിത മാർഗനിർദേശങ്ങൾ പാലിച്ചാണ് മുഴുവൻ പ്രക്രിയയും നടത്തിയതെന്നും ഈ ഘട്ടത്തിൽ കൂടുതൽ ഉൾപ്പെടുത്തലുകൾ നിയമ വ്യവസ്ഥകൾക്കും യോഗ്യതയുള്ള അധികാരികളിൽ നിന്നുള്ള നിർദേശങ്ങൾക്ക് വിധേയമായിരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIR: Most people excluded in Muslim-majority district of Murshidabad west Bengal
Next Story