എസ്.ഐ.ആർ; യു.പിയിലും കൂട്ട വെട്ടൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനുള്ള(എസ്.ഐ.ആർ) എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചപ്പോൾ വോട്ടുവെട്ടലിന്റെ വ്യാപ്തിയേറുന്നു. ഡിസംബർ 31ന് എസ്.ഐ.ആർ കരട് പട്ടിക പുറത്തിറക്കുമ്പോൾ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാത്ത 2.89 കോടി പേരാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നത്. ഇതിന് പുറമെ യു.പിയിൽ 2003ലെ വോട്ടർപട്ടികയുമായി ബന്ധം തെളിയിക്കാനാകാത്ത 1.04 കോടി പേർ പൗരത്വ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ വോട്ടർപട്ടികക്ക് പുറത്താകും. എസ്.ഐ.ആർ കൂട്ട വോട്ടുവെട്ടലിനാണെന്ന വിമർശനത്തിന് അടിവരയിടുകയാണ് യു.പിയിലെ കണക്കുകൾ.
കണ്ടെത്താനാകാത്ത വോട്ടർമാർ 79.52 ലക്ഷം
2025 ജനുവരിയിൽ 15.44 കോടി വോട്ടർമാരുണ്ടായിരുന്ന ഉത്തർപ്രദേശിൽ വെട്ടിമാറ്റുന്ന 2.89 കോടി വോട്ടുകളിൽ ഭുരിഭാഗവും ‘കണ്ടെത്താൻ കഴിയാത്തവർ’ എന്ന വിഭാഗത്തിൽപ്പെടുന്നവരാണ്. 79.52 ലക്ഷം പേരെയാണ് ഈ ഗണത്തിൽപ്പെടുത്തി കരട് പട്ടികയിൽ നിന്ന് നീക്കുന്നത്. ഈ വർഷം ജനുവരിയിലെ വോട്ടർപട്ടകിയിൽ പേരുള്ളവരിൽ 46.24 ലക്ഷം പേർ മരണപ്പെട്ടവർ എന്ന വിഭാഗത്തിലും 25.47ലക്ഷംപേർ ഒന്നിലേറെ സ്ഥലങ്ങളിലായി ഡ്യൂപ്ലിക്കേറ്റ് വോട്ടുള്ളവർ എന്ന വിഭാഗത്തിലും ഉൾപ്പെടും. മറ്റു വിഭാഗത്തിൽപ്പെടുന്ന 7.74 ലക്ഷം പേരെ കുടി നീക്കുന്നതോടെ ഉത്തർപ്രദേശിലെ 18.7 ശതമാനം വോട്ടർമാരാണ് കരട് പട്ടികയിൽ നിന്ന് പുറത്താകുക.
അതേ സമയം, നേപ്പാളിനോട് അതിർത്തി പങ്കിടുന്ന ബൽറാംപൂർ ജില്ലയിൽ 25.98 ശതമാനം വോട്ടർമാർ എന്യൂമറഷേൻ ഫോമുകൾ തിരികെ നൽകിയിട്ടില്ല. 10 ശതമാനത്തിലേറെ വോട്ടർമാരെ കണ്ടെത്താനാകാത്ത മൂന്ന് ജില്ലകളിൽ ഒന്നും ബൽറാംപൂർ തന്നെ. ലഖ്നോയും ഗാസിയാബാദുമാണ് കണ്ടെത്താനാകാത്തവർ കൂടുതലുള്ള യു.പിയിലെ മറ്റു രണ്ട് ജില്ലകൾ. ബി.എൽ.ഒമാർക്ക് എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകിയില്ലെന്ന് കാണിച്ച് നീക്കുന്ന 2.89 കോടി വോട്ടുകളിലേറെയും നഗര ജില്ലകളിൽ നിന്നാണ്. നിലവിലുള്ള വോട്ടർമാരിൽ 30 ശതമാനത്തെ(12 ലക്ഷം പേർ) വെട്ടിമാറ്റുന്ന ലഖ്നോ ആണ് വോട്ടുവെട്ടലിൽ ഒന്നാമതുള്ള ജില്ല. ഇതിന് പിന്നാലെ 28.83 ശതമാനം പേരെ (8.18 ലക്ഷം) നീക്കുന്ന ഗാസിയാബാദ് രണ്ടാമതും 25.50 ശതമാനം പേരെ (9 ലക്ഷം ) വെട്ടുന്ന കാൺപൂർ നഗർ മൂന്നാമതുമാണ്. മീറത്ത്, പ്രഗ്യാരാജ്, മൗതംബുദ്ധ് നഗർ, ആഗ്ര എന്നീ ജില്ലകളിലാണ് പിന്നീട് കൂടുതലും വോട്ടുവെട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

