എസ്.ഐ.ആർ; വിമർശനം കടുപ്പിച്ച് മമത
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനം കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. എസ്.ഐ.ആർ പ്രക്രിയക്കായി ബി.ജെ.പി ഐ.ടി സെൽ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനുകളാണ് കമീഷൻ ഉപയോഗിക്കുന്നതെന്ന് മമത ആരോപിച്ചു.
എസ്.ഐ.ആർ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ എല്ലാത്തരം വ്യാജ നീക്കങ്ങളും നടത്തുന്നു. യോഗ്യതയുള്ള വോട്ടർമാരെ മരിച്ചവരായി കണക്കാക്കുകയും പ്രായമായവരെയും രോഗികളെയും ഹിയറിങ്ങിനെത്താൻ നിർബന്ധിക്കുകയും ചെയ്യുന്നു. അതിനായി ബി.ജെ.പി ഐ.ടി സെൽ വികസിപ്പിച്ച മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത് തുടരാൻ അനുവദിക്കില്ല. എസ്.ഐ.ആർ വേളയിൽ ജാഗ്രത പുലർത്തണമെന്നും സഹായം ആവശ്യമുള്ളവരോട് ചേർന്നുനിൽക്കണമെന്നും അവർ ജനങ്ങളെ ഓർമിപ്പിച്ചു.
എസ്.ഐ.ആർ മൂലം നിരവധിപേർക്ക് ജീവൻ നഷ്‍ടമാകുന്ന സാഹചര്യമുണ്ടായി. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കൃത്രിമ ബുദ്ധിയും അനൗപചാരിക മാർഗങ്ങളും ഉപയോഗിച്ചാണ് പലരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത്. പ്രതികരണം അറിയിക്കാനുള്ള അവസരം പോലും നൽകാതെ ലക്ഷക്കണക്കിന് പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റി.
കൊലയാളികൾക്കുപോലും സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരമുണ്ട്. ഫോട്ടോയും ശബ്ദവും മാറ്റാനും കള്ളങ്ങൾ പ്രചരിപ്പിക്കാനും കൃത്രിമബുദ്ധി ഉപയോഗിക്കുകയാണ്. ആരൊക്കെ വിവാഹം കഴിച്ച് സ്ഥലം മാറിപ്പോയെന്നും ഏതൊക്കെ പെൺകുട്ടികൾ വിവാഹം കഴിച്ച് ഭർതൃഗൃഹത്തിലേക്ക് പോയെന്നുമൊക്കെ എ.ഐയാണ് തീരുമാനിക്കുന്നതെന്നും മമത പറഞ്ഞു.
യു.പിയിൽ ഒഴിവാക്കപ്പെട്ടത് 2.89 കോടി പേർ
ലഖ്നോ: ഉത്തർപ്രദേശിൽ പ്രത്യേക തീവ്രപരിഷ്‍കരണ (എസ്.ഐ.ആർ) കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് 2.89 കോടി പേരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നവ്ദീപ് റിൻവ വ്യക്തമാക്കി. നേരത്തേ പട്ടികയിലുണ്ടായിരുന്ന 15.44 കോടി വോട്ടർമാരുടെ 18.70 ശതമാനമാണ് കരട് പട്ടിക പുറത്തുവന്നപ്പോൾ ഒഴിവാക്കപ്പെട്ടവർ. മരണം, സ്ഥിര പാലായനം, ഇരട്ടിപ്പ് എന്നിവയാണ് ഇത്രയും പേർ ഒഴിവാകാനുള്ള കാരണമെന്ന് റിൻവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

