എസ്.ഐ.ആർ പൗരത്വപട്ടികപോലെ അല്ല; തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി : വോട്ടർപട്ടിക പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ) ദേശീയ പൗരത്വപട്ടിക (എൻ.ആർ.സി) പോലെ അല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എൻ.ആർ.സി എല്ലാ ജനങ്ങളെയും ഉൾപ്പെടുത്തുമ്പോൾ വോട്ടർപട്ടികയിൽ 18 വയസ്സിനു മുകളിലുള്ള മാനസികാരോഗ്യമുള്ളവർ മാത്രമേ ഉൾപ്പെടുകയുള്ളൂ എന്ന് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
അതിനാൽ എസ്.ഐ.ആറിനെ പൗരത്വപട്ടികപോലെ കാണരുതെന്ന് ദ്വിവേദി വ്യക്തമാക്കി.എസ്.ഐ.ആറിന്റെ ഭരണഘടന സാധുത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ഒരു വിദേശി പോലും വോട്ടർപട്ടികയിൽ കയറിക്കൂടരുതെന്നാണ് കമീഷൻ ആഗ്രഹിക്കുന്നത്. അതു തങ്ങളുടെ ഉത്തരവാദിത്തമാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം പോലും അവസാനവാക്ക് തെരഞ്ഞെടുപ്പ് കമീഷനാണ്.
ഭരണഘടനയുടെ 124(3) അനുച്ഛേദം പൗരന്മാരല്ലാത്തവരെ ജഡ്ജിയായി നിയമിക്കാൻ അനുവദിക്കുന്നില്ല. അതുപോലെ പൗരന്മാരെ മാത്രമേ വോട്ടർപട്ടികയിലും ഉൾപ്പെടുത്താനാകൂ. 1909ൽ സാമുദായികാടിസ്ഥാനത്തിലായിരുന്നു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് പരിമിതമായ വോട്ടവകാശം നൽകിയപ്പോൾ രാജ്യത്ത് പൗരന്മാരിൽ 15 ശതമാനം പേർക്ക് മാത്രമായി വോട്ടവകാശം. വോട്ടവകാശം കൂടുതൽ പേർക്ക് ലഭിക്കണം എന്നത് സ്വാതന്ത്ര്യസമരത്തിന്റെ കൂടി ലക്ഷ്യമായിരുന്നെന്നും ദ്വിവേദി തുടർന്നു. വാദം എട്ടിന് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

