എസ്.ഐ.ആറിൽ നടക്കുന്നത് പൗരത്വത്തെ കൂട്ടത്തോടെ കൊലപ്പെടുത്തൽ -പ്രകാശ് രാജ്
text_fieldsതിരുവനന്തപുരം: തങ്ങൾക്കെതിരെ നിൽക്കുന്നവരെ കൂട്ടത്തോടെ ഇല്ലാതാക്കാൻ ബി.ജെ.പിക്കാവില്ലെന്നും അതിനുപകരം എസ്.ഐ.ആറിലൂടെ പൗരത്വത്തെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്.
വോട്ടുള്ളവരെന്നും വോട്ടില്ലാത്തവരെന്നും രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് ശ്രമം. മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയും ആദിവാസികളികളെയും ദലിതരെയും ഇടത്, സ്വതന്ത്ര ചിന്താഗതിയുള്ളവരെയുമടക്കം ബി.ജെ.പിക്ക് വേണ്ടാത്തവരെ വോട്ടർ പട്ടികയിൽനിന്ന് പൂർണമായും ഒ ഴിവാക്കുകയാണ്. ഇപ്പോൾ കൈയോടെ പിടിക്കപ്പെട്ടപ്പോൾ സമിതി രൂപവത്കരിക്കാമെന്നാണ് വാദം-പ്രകാശ് രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എസ്.ഐ.ആർ വോട്ടവകാശത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ്. പ്രതിപക്ഷ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും തകർക്കുകയെന്ന വലിയ അജണ്ടയാണിതിന് പിന്നിൽ.
ആർക്ക് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ല. ഇഷ്ടമുള്ളയാൾക്ക് വോട്ടുചെയ്യാനുള്ള അവകാശമാണ് നമ്മളിൽനിന്ന് എടുത്തുകളയുന്നത്. അതിനാൽ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നല്ല, എസ്.ഐ.ആർ പൂർണമായും റദ്ദാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരേണ്ടത്. ഒരു ഗ്യാനേഷ് കുമാർ പോയാൽ മറ്റൊരു ഗ്യാനേഷ് കുമാർ വരും. കുറ്റക്കാരെ ഒരാളെയും വെറുതെ വിടരുത്. ഓരോ പൗരനും തെരുവിലിറങ്ങി ജനാധിപത്യത്തെ സംരക്ഷിക്കാൻ ശബ്ദമുയർത്തേണ്ട സമയമാണിത് -പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
‘മുദ്രാവാക്യ സുൽത്താന്റെ യഥാർഥ മുഖം’:പൊലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ചിന് ശ്രമിച്ച ഇൻഡ്യ മുന്നണി നേതാക്കൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ‘മുദ്രാവാക്യ സുൽത്താൻ’ പ്രഖ്യാപിച്ച ‘‘നമ്മളത് ചെയ്യും’’ എന്നതിന്റെ യഥാർഥ മുഖമാണിതെന്ന് കോൺഗ്രസ് പരിഹസിച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എം.പി, മറ്റ് ഇൻഡ്യ മുന്നണി നേതാക്കൾ എന്നിവരെ ജൻപഥിൽ നിന്ന് ഡൽഹി പൊലീസ് വലിച്ചിഴച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുന്നതിന്റെ ആശങ്കാജനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ‘‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറിലൂടെ തെരഞ്ഞെടുപ്പ് സംവിധാനം പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ ജന്തർ മന്തറിലേക്ക് സമാധാനപരമായി നീങ്ങാൻ ശ്രമിക്കുക മാത്രമാണ് ഇന്ത്യ മുന്നണി നേതാക്കൾ ചെയ്തത്.
ജനപ്രതിനിധികളെ പൊലീസ് മൃഗീയമായി കൈകാര്യം ചെയ്തത് നമ്മുടെ ഭരണഘടനയോടും ജനാധിപത്യത്തോടും പ്രധാനമന്ത്രി-ആഭ്യന്തരമന്ത്രി എന്ന വിഷലിപ്ത കൂട്ടുകെട്ടിനുള്ള കടുത്ത പുച്ഛമാണ് വ്യക്തമാക്കുന്നത്’’-അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ, ഭരണത്തലവനെന്ന നിലയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തിയ വികസിത് ഭാരത് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യവെയാണ് രാജ്യവികസനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വി വിൽ ഡു ഇറ്റ്’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

