Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എസ്.ഐ.ആർ, വ്യാപകമായി വോട്ടർമാരെ ഒഴിവാക്കാൻ ഷാ നിർദ്ദേശിച്ചത്'; ഭരണഘടനയ്‌ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും കോൺഗ്രസ്

text_fields
bookmark_border
എസ്.ഐ.ആർ, വ്യാപകമായി വോട്ടർമാരെ ഒഴിവാക്കാൻ ഷാ നിർദ്ദേശിച്ചത്; ഭരണഘടനയ്‌ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും കോൺഗ്രസ്
cancel

ന്യൂഡൽഹി: രാജ്യസഭാ എം.പി കപിൽ സിബൽ അടക്കമുള്ളവർക്ക് എസ്.ഐ.ആറിന് രേഖ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയാ കമ്മിറ്റി ചെയർമാനുമായ ജയ്റാം രമേശ് രംഗത്തെത്തി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) വ്യാപകമായ തോതിൽ വോട്ടർമാരെ ഒഴിവാക്കാൻ ഷാ നിർദ്ദേശിച്ച ഒന്നാണെന്നും, ദുർബലരായ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള "ഭരണഘടനയ്‌ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും" ജയ്റാം രമേശ് ആരോപിച്ചു.

എസ്.ഐ.ആർ പ്രക്രിയയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ പ്രീ-എസ്.ഐ.ആർ അടിസ്ഥാന സംഖ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 7.8 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും ഇത് 13 ശതമാനം ഡിലീറ്റേഷൻ നിരക്കിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു. മൂന്നാം ഘട്ടമടക്കം ആകെ 36.06 കോടി വോട്ടർമാരിൽ 6.18 കോടി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. ഡിലീറ്റേഷൻ നിരക്ക് 17 ശതമാനത്തിലധികമായി വരുന്നു.

ഒഴിവാക്കലുകളും വെരിഫിക്കേഷൻ നോട്ടീസ് അയച്ചതുമായി മൂന്ന് ഘട്ടങ്ങളിലായി ആകെ വോട്ടർമാരുടെ ഏകദേശം 32 ശതമാനത്തെയും എസ്.ഐ.ആർ ദുരിതത്തിലാക്കി. ഡൽഹി (53.73 ശതമാനം), ചണ്ഡീഗഡ് (52.58 ശതമാനം), ജാർഖണ്ട് (39.57 ശതമാനം), ഉത്തരാഖണ്ഡ് (35.71 ശതമാനം), മേഘാലയ (35.36 ശതമാനം), മഹാരാഷ്ട്ര (33.88 ശതമാനം), തെലങ്കാന (48.90 ശതമാനം), കർണാടക (27.6 ശതമാനം), ഹരിയാന (37.5 ശതമാനം), ഒഡീഷ്യ (23.67 ശതമാനം), ആന്ധ്രാപ്രദേശ് (21.17 ശതമാനം), പഞ്ചാബ് (15.23 ശതമാനം) എന്നിങ്ങനെയാണ് നിലവിലെ കണക്കെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലും രംഗത്തെത്തിയിരുന്നു. തന്റെ പൗരത്വം "സംശയാസ്പദമായി" മാറിയോ എന്ന് പരിഹസിച്ച അദ്ദേഹം, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നടപടികൾ സുപ്രീം കോടതിയിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

"ഞാൻ ജ്ഞാനേഷ് കുമാറിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എനിക്ക് എങ്ങനെയാണ് നോട്ടീസ് അയച്ചത്? ഞാൻ ഈ രാജ്യത്തെ പൗരനല്ലേ? 2002-ൽ ഞാൻ രാജ്യസഭാ അംഗമായിരുന്നു. അവർ എനിക്ക് ഭൗതികമായി ഒരു നോട്ടീസ് പോലും അയച്ചില്ല. ഞാൻ അത് വെബ്‌സൈറ്റിലാണ് കണ്ടത്. ഇതാണ് അവരുടെ പ്രവർത്തനം," അദ്ദേഹം വ്യക്തമാക്കി.

അർഹരായ വോട്ടർമാരുടെ പേരുകൾ ഏകപക്ഷീയമായി വെട്ടിമാറ്റുകയോ പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യുന്നുവെന്നും മുൻമന്ത്രികൂടിയായ കപിൽ സിബൽ ആരോപിച്ചു. "ആദ്യം ഞാൻ ജ്ഞാനേഷ് കുമാറിനെ അഭിനന്ദിക്കുന്നു. എന്റെ പൗരത്വം സംശയാസ്പദമാണെന്നാണ് അദ്ദേഹം കരുതുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണം ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജ്ഞാനേഷ് കുമാറിന് മുന്നിൽ വസ്തുതകൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജ്ഞാനേഷ് കുമാർ ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ നീക്കം ചെയ്യുന്നു എന്ന വിഷയം സുപ്രീം കോടതിയിൽ എത്തുമെന്ന് ഞാൻ കരുതുന്നു," സിബൽ പറഞ്ഞു.

പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി താൻ വോട്ടർപട്ടിക വെരിഫിക്കേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "എന്റെ പേര് ഡ്രാഫ്റ്റ് രജിസ്റ്ററിലുണ്ട്. ഞാൻ ഒരു എം.പി ആയതുകൊണ്ടാണ് അത് അവിടെയുള്ളത്. അന്ന് ഞാൻ പട്നയിലാണ് വോട്ട് ചെയ്തിരുന്നത്. എന്റെ പിതാവിന്റെ പേരും നിങ്ങൾക്ക് കാണാം. ബി.എൽ.ഒ ഇവിടെയെത്തിയപ്പോൾ ഞാൻ ഫോം പൂരിപ്പിച്ചു നൽകി. എന്റെ ഒപ്പും ബി.എൽ.ഒയുടെ ഒപ്പും നിങ്ങൾക്ക് ഇവിടെ കാണാം. പിന്നെ എനിക്ക് എങ്ങനെയാണ് നോട്ടീസ് ലഭിക്കുന്നത്?" സിബൽ ചോദിച്ചു.

കമ്മീഷൻ നേരിട്ട് നോട്ടീസ് അയക്കാത്തതിനെയും സിബൽ ചോദ്യം ചെയ്തു. ഡിജിറ്റൽ പോർട്ടലുകൾ ഉപയോഗിക്കാൻ അവബോധമോ വിഭവങ്ങളോ ഇല്ലാത്ത സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സിബൽ, ഇത് വോട്ടർമാരുടെ അവകാശ നിഷേധത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sir is actually a shah instigated-removal of voters on massive scale jairam ramesh
Next Story