എസ്.ഐ.ആർ അമിത ജോലി സമ്മർദം; ബംഗാളിൽ ബി.എൽ.ഒ ആത്മഹത്യ തുടരുന്നു
text_fieldsപ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫിസറായ (ബിഎൽഒ) യുവതിയെ ശനിയാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.ഐ.ആർ ജോലി സംബന്ധമായ സമ്മർദത്തിലായിരുന്നു അവരെന്നും ആത്മഹത്യ ചെയ്തതാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
കൃഷ്ണനഗറിലെ ചപ്രയിലെ ബംഗൽജി പ്രദേശത്തുള്ള വസതിയിലെ മുറിയുടെ മേൽക്കൂരയിൽ തൂങ്ങിയനിലയിലാണ് റിങ്കു തരഫ്ദാർ എന്ന ബിഎൽഒയെ കണ്ടെത്തിയത്.എസ്‌ഐആർ ജോലിഭാരം കാരണം അവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബത്തിലുള്ളവർ പറഞ്ഞു. അവരുടെ മുറിയിൽനിന്ന് പൊലീസിന് ഒരു കുറിപ്പ് ലഭിച്ചതായി അറിയിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മന്ത്രി ഉജ്ജൽ ബിശ്വാസ് മരിച്ചവരുടെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.ബംഗാളിൽ നടന്നുവരുന്ന എസ്.ഐ.ആർ അടിയന്തരമായി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനോട് അഭ്യർഥിച്ചു.
ആസൂത്രിതമല്ലാത്തതും ബലപ്രയോഗത്തിലൂടെയുള്ളതുമായ പ്രവർത്തനങ്ങൾ തുടരുന്നത് കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും ജോലിയുടെ സമഗ്രതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വ്യാഴാഴ്ച അവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തെഴുതി.ബുധനാഴ്ച, ജൽപായ്ഗുരി ജില്ലയിൽ ഒരു ബൂത്ത് ലെവൽ ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, എസ്.ഐ.ആർ സംബന്ധമായ അമിത ജോലി സമ്മർദമാണ് അവരുടെ മരണത്തിന് കാരണമായതെന്ന് കുടുംബം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

