എസ്.ഐ.ആർ: ഭാരത രത്ന ജേതാവ് സി.എൻ.ആർ റാവുവിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
text_fieldsബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക ശുദ്ധീകരണ നടപടികൾക്കിടെ പ്രശസ്ത ശാസ്ത്രജ്ഞനും ഭാരത രത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ റാവുവിനും നോട്ടീസ്. പേരിൽ വന്ന ചെറിയ അക്ഷരത്തെറ്റാണ് 92-കാരനായ പ്രശസ്ത ശാസ്ത്രജ്ഞനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ നോട്ടിസ്' ലിസ്റ്റിൽ എത്തിച്ചത്.
പഴയ വോട്ടർ പട്ടികയിൽ "Prof CNR Rao"എന്ന് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത്, പുതിയ ഡാറ്റാബേസിൽ 'f' എന്ന അക്ഷരം അധികമായി ചേർത്ത് "Proff CNR Rao" എന്ന് തെറ്റായി ചേർത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. 'പേരിലെ വൈരുദ്ധ്യം' (Self-Name Mismatch) ചൂണ്ടിക്കാട്ടി ബെംഗളൂരു മല്ലേശ്വരത്ത് ഹിയറിങിന് ഹാജരാകണമെന്ന നോട്ടീസ് വിവരങ്ങൾ ഇ.സി.ഐ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ തങ്ങൾക്ക് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സി.എൻ.ആർ റാവുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന പൂർത്തിയാക്കി വിവരങ്ങൾ ശരിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് അറിയിച്ചു.
രാജ്യത്തെ പ്രമുഖർ പോലും ഇത്തരം അനാവശ്യ നോട്ടീസുകൾക്ക് ഇരയാകുന്നത് ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടിക പരിശോധനയിലെ വീഴ്ചയാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് മംഗളൂരുവിൽ ഓറഞ്ച് വിറ്റ് കിട്ടിയ പണം കൊണ്ട് സ്കൂൾ പടുതുയർത്തി പത്മശ്രീ നേടിയ സാമൂഹിക പ്രവർത്തകൻ ഹരേക്കള ഹജബ്ബയ്ക്കും വോട്ടർ പട്ടികയിലെ പേരുമാറ്റത്തിന്റെ പേരിൽ ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിരുന്നു. വാർത്ത പുറത്തുവന്നതോടെ അധികൃതർ അദ്ദേഹത്തിന്റെ വീട്ടിലെത്തി രേഖകൾ വാങ്ങി പ്രശ്നം പരിഹരിക്കുകയായിരുന്നു.
കർണാടകയിൽ മാത്രം 43.81 ലക്ഷത്തിലധികം വോട്ടർമാർക്കാണ് ഇത്തരത്തിൽ വിവരം തിരുത്താനും വിയോജിപ്പുകൾ പരിഹരിക്കാനുമായി നോട്ടീസുകൾ അയച്ചിട്ടുള്ളത്. സെപ്റ്റംബർ ആദ്യവാരത്തിലെ കണക്കുകൾ പ്രകാരം 4.46 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സാങ്കേതികമായി തകരാറുകളോ വിവരങ്ങളിലെ അപകതയോ ഉള്ളവരുടെ ലിസ്റ്റിലാണ് യാതൊരു പരിശോധനയുമില്ലാതെ പ്രശസ്ത വ്യക്തികളുടെ പേരുകളും ഉൾപ്പെട്ടത് കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

