ലോക്സഭയെ ഇളക്കിമറിച്ച് എസ്.ഐ.ആർ ചർച്ച
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭയെ ഇളക്കിമറിച്ച എസ്.ഐ.ആർ ചർച്ചയിൽ വോട്ടുകൊള്ള രാജ്യദ്രോഹമാണെന്നും ഇതിലൂടെ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെയും ആർ.എസ്.എസ് നിയന്ത്രണത്തിലാക്കിയാണ് വോട്ടുകൊള്ള നടപ്പാക്കുന്നത്. പ്രധാനമന്ത്രിയും അമിത് ഷായുമുള്ള, തെരഞ്ഞെടുപ്പ് കമീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ താൻ മാത്രം മറുഭാഗത്ത് ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
150 കോടി ജനങ്ങളെ വോട്ടുകൊണ്ട് ഇഴചേർത്ത വസ്ത്രമാണ് ഇന്ത്യയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ പൗരനും വോട്ടവകാശം ലഭിച്ച് ഇഴചേരുമ്പോൾ മാത്രമേ അത് ഉറപ്പുള്ള വസ്ത്രമായി മാറുകയുള്ളൂ. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാൻ ആർ.എസ്.എസിന് കഴിയില്ല. സ്വാതന്ത്ര്യം മുതലുള്ള ആർ.എസ്.എസിന്റെ പദ്ധതി രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങളുടെ ചട്ടക്കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. വൈസ് ചാൻസലറെ നിയമിക്കുന്നത് യോഗ്യതയുടെയോ കഴിവിന്റെയോ അടിസ്ഥാനത്തിലല്ല. മറിച്ച് ഒരു പ്രത്യേക സംഘടനയിൽ അംഗമാണെന്നതിന്റെ അടിസ്ഥാനത്തിലാണ്. സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയെ തകർത്തു. അവരുടെ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുകയും പ്രതിപക്ഷത്തെ ആക്രമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ വ്യവസ്ഥാപിതമായി വിന്യസിക്കുകയാണ്.
വോട്ടുകൊള്ളയിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ തെളിവായി ഹരിയാനയിലെ വോട്ടർപട്ടികയിൽ 22 തവണ ഇടംപിടിച്ച ബ്രസീലിയൻ മോഡലിന്റെ കാര്യം രാഹുൽ ചൂണ്ടിക്കാട്ടിയതും കോൺഗ്രസ് എം.പിമാർ ഒന്നടങ്കം അവരുടെ ചിത്രം സഭയിൽ ഉയർത്തിക്കാണിച്ചു. അതോടെ, അവ താഴ്ത്തി വെക്കാതെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.
രാഹുലിന്റെ മൂന്ന് ചോദ്യങ്ങൾ
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെയും ആർ.എസ്.എസ് നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതി വിശദീകരിച്ചാണ് മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അമിത് ഷായോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
ഒന്ന് : കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തതിന് പിന്നിലെ ഉദ്ദേശ്യമെന്തായിരുന്നു? തെരഞ്ഞെടുപ്പ് കമീഷണർമാരെ പ്രധാനമന്ത്രിയും അമിത് ഷായും തന്നെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?
രണ്ട് : തെരഞ്ഞെടുപ്പ് കമീഷണർമാർ കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള പരിരക്ഷ നൽകി നിയമമുണ്ടാക്കിയത് എന്തുകൊണ്ട്? മുമ്പുള്ള പ്രധാനമന്ത്രിമാരൊന്നും നൽകാത്ത വിലപിടിപ്പുള്ള ഇത്തരമൊരു സമ്മാനം എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് നൽകിയത്? പ്രതിപക്ഷം ഭരണത്തിലെത്തിയാൽ ഈ നിയമം മാറ്റുമെന്ന് മുന്നറിയിപ്പ് നൽകിയ രാഹുൽ ഗാന്ധി മുഖ്യ കമീഷണറെയും കമീഷണർമാരെയും വിടില്ലെന്നും പറഞ്ഞു.
മൂന്ന് :പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട നിയമം മാറ്റുകയും തെരഞ്ഞെടുപ്പിന് 45 ദിവസത്തിനുശേഷം അവ നശിപ്പിക്കണമെന്ന് നിയമമുണ്ടാക്കുകയും ചെയ്തത് എന്തുകൊണ്ടാണ്?
രാഹുൽ ആവശ്യപ്പെടുന്ന നാല് പരിഷ്‍കരണങ്ങൾ
തെരഞ്ഞെടുപ്പ് പരിഷ്‍കരണത്തിന് നാല് നിർദേശങ്ങളും രാഹുൽ മുന്നോട്ടുവെച്ചു. തെരഞ്ഞെടുപ്പ് പരിഷ്‍കാരങ്ങൾ വളരെ ലളിതമാണെന്നും എന്നാൽ അവ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒന്ന്- തെരഞ്ഞെടുപ്പിന് ചുരുങ്ങിയത് ഒരു മാസം മുമ്പ് മെഷീൻ റീഡബിൾ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക
രണ്ട്- എല്ലാ ബൂത്തിലെയും സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസത്തിനകം നശിപ്പിക്കുന്ന കരിനിയമം പിൻവലിക്കുക
മൂന്ന്- വോട്ടുയന്ത്രത്തിന്റെ രൂപകൽപന എങ്ങനെയാണെന്നറിയാൻ അവ പ്രതിപക്ഷത്തെ കാണിക്കുക. അതിനകത്ത് എന്താണെന്ന് വിദഗ്ധർ പരിശോധിക്കട്ടെ.
നാല് - കുറ്റം ചെയ്താൽ തെരഞ്ഞെടുപ്പ് കമീഷനെ ശിക്ഷിക്കാതിരിക്കാൻ കൊണ്ടുവന്ന കരിനിയമം പിൻവലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

