എസ്.ഐ.ആർ നായകനായി; 40 വർഷംമുമ്പ് നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടി, നാട് ഉത്സവഛായയിൽ
text_fieldsഉദയ് സിങ് കുടുംബാംഗങ്ങളോടൊപ്പം
ഭിൽവാര: ഹിന്ദി സിനിമകളിലെ ൈക്ലമാക്സിൽ കാണുന്ന സന്തോഷകരമായ കുടുംബ പുനസമാഗമം സമ്മാനിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കാണാതായ മകനെ ഇന്റൻസീവ് റിവിഷൻ കാമ്പയിനിടെ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഭിൽവാരയിൽ കുടുംബസമാഗമം ഉൽസവാന്തരീക്ഷത്തിൽ നടക്കുകയായിരുന്നു. 1980 മുതൽ മകനെ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കുടുംബത്തിന് ഈ കണ്ടെത്തൽ ആശ്വാസവും സന്തോഷവും നൽകി.
ജോഗിധോര ഗ്രാമത്തിൽ നിന്നുള്ള ഉദയ് സിങ് റാവത്ത് 1980 ൽ സ്കൂളിൽ പഠിക്കുമ്പോൾ അപ്രത്യക്ഷനാവുകയായിരുന്നു. സൂരജ് എന്ന ഗ്രാമത്തിൽ ഉദയ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഛത്തീസ്ഗഡിൽ സെക്യൂരിറ്റി ഗാർഡായി പാർട്ട് ടൈം ജോലിയും ചെയ്തുവരുകയായിരുന്നു. ജോലിക്കിടെ റോഡപകടത്തിൽപ്പെട്ട ഉദയ്സിങ്ങിന് ഓർമ നഷ്ടപ്പെടുകയായിരുന്നു. കാണാതായ ഉദയ് സിങ്ങിനായി കുടുംബം അന്വേഷണം നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു.
പതിറ്റാണ്ടുകളായി അയാളെ തിരയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വോട്ടർ ഐഡന്റിറ്റി കാർഡിനെക്കുറിച്ച് അന്വേഷിക്കാൻ സൂരജ് ഗ്രാമത്തിലെ ഒരു സ്‌കൂളിൽ വെച്ച് ബി.എൽ.ഒമാർ അയാളെ കണ്ടുമുട്ടിയപ്പോഴാണ് ഉദയ് സിങ്ങിന്റെ വിവരങ്ങൾ വീണ്ടും പുറത്തുവന്നത്. സൂരജിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ രാമകൃഷ്ണ വർമയുടെ അഭിപ്രായത്തിൽ, ജീവൻ സിങ് എന്ന അധ്യാപകൻ ഉദയ് തന്റെ പഴയ സഹപാഠിയാണെന്ന് തിരിച്ചറിഞ്ഞ് അത് കുടുംബത്തെ അറിയിക്കുകയായിരുന്നു.
ഉദയ് യുടെ സഹോദരൻ ഹേം സിങ് ആദ്യം നേരിൽ കണ്ടു. കുടുംബത്തിന് ആദ്യം ഉറപ്പില്ലായിരുന്നു, എന്നാൽ കുട്ടിക്കാലത്തെ കഥകളും വ്യക്തിപരമായ വിവരങ്ങളും ഓർത്തപ്പോൾ അവർക്ക് ബോധ്യമായി. ഉദയ് യുടെ അമ്മ ചുന്നി ദേവി അവന്റെ നെറ്റിയിലും നെഞ്ചിലുമുള്ള പഴയ മുറിവുകൾ തിരിച്ചറിഞ്ഞപ്പോഴാണ് അന്തിമ സ്ഥിരീകരണമായത്. ‘ഇത് എന്റെ ഉദയ് ആണ്... ഞാൻ എന്റെ മകനെ കണ്ടെത്തി’ എന്ന് അവർ സന്തോഷത്തോടെ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു.
ഉദയ് യിനെ തിരിച്ചറിഞ്ഞ നാടും നാട്ടുകാരും കുടുംബാംഗങ്ങളും ഗ്രാമവാസികളും സ്കൂളിൽ ഒത്തുകൂടി, പിന്നീട് ഡി.ജെയും ധോൽ വാദ്യമേളങ്ങളോടെ പരമ്പരാഗത ആഘോഷത്തോടെ ഉദയ് യെ വീട്ടിലേക്ക് കൊണ്ടുപോയി. ഗ്രാമത്തിന് ഒരു പ്രത്യേക നിമിഷമായിട്ടാണ് ആളുകൾ ഈ പുനഃസമാഗമത്തെ വിശേഷിപ്പിച്ചത്.
അപകടത്തിന് ശേഷം ഓർമ നഷ്ടപ്പെട്ടുവെന്നും എവിടെയായിരുന്നെന്ന് പോലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും എന്നാലും വർഷങ്ങൾക്ക് ശേഷം കുടുംബവുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും ഉദയ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലുള്ള എസ്‌ഐആർ കാമ്പയിൻ മൂലമാണ് ഈ പുനഃസമാഗമം സാധ്യമായതെന്നും തനിക്ക് അമ്മയെയും സഹോദരങ്ങളെയും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

