എസ്.ഐ.ആർ നിയമസഭാ പ്രമേയം; കോൺഗ്രസ് നിലപാടിന് വിരുദ്ധം
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനെതിരെ (എസ്.ഐ.ആർ) കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന സംയുക്ത പ്രമേയം കേരളത്തിലെ വോട്ടുകൊള്ളക്കെതിരെ കോൺഗ്രസ് കൈക്കൊണ്ട നിലപാടിന് വിരുദ്ധം.
20 ലക്ഷത്തോളം വ്യാജവോട്ടുകൾ കേരളത്തിലുണ്ടെന്നായിരുന്നു 2020ൽ കോൺഗ്രസിന്റെ കണ്ടെത്തൽ. എന്നാൽ, വ്യാജവോട്ടുകളെന്ന് കോൺഗ്രസ് ആക്ഷേപിച്ച 20 ലക്ഷത്തോളം പേരുകൾ പട്ടികയിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ വെട്ടിമാറ്റാത്ത 2024ലെ വോട്ടർപട്ടിക എസ്.ഐ.ആറിന് അടിസ്ഥാനമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഇത് കോൺഗ്രസ് അംഗീകരിക്കുന്നത് മുൻ നിലപാടിന് വിരുദ്ധമാകും. ഇതേത്തുടർന്ന് 2024ലെ വോട്ടർ പട്ടിക എസ്.ഐ.ആറിന് അടിസ്ഥാനമാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഹൈകമാൻഡിനെ അറിയിച്ചു.
ഇൻഡ്യ സഖ്യത്തിൽ എസ്.ഐ.ആറിനെ നേരിടുന്നതിൽ സി.പി.എമ്മിനും കോൺഗ്രസിനുമിടയിലുള്ള പ്രായോഗികമായ അഭിപ്രായ ഭിന്നത പ്രതിഫലിപ്പിക്കുന്നതാണ് എസ്.ഐ.ആർ പ്രമേയം. രാഹുൽ ഗാന്ധി വോട്ടുചോരി ഉയർത്തിക്കൊണ്ടുവന്നപ്പോൾ ഏതാണ്ടെല്ലാ പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിമാരും രാഹുലിനെ പിന്തുണച്ചിരുന്നുവെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യ പിന്തുണയുമായി രംഗത്തുവന്നിരുന്നില്ല. കേരളത്തിൽ വോട്ടുചോരിയുണ്ടെന്ന കോൺഗ്രസ് നിലപാട് സി.പി.എം അംഗീകരിക്കുന്നില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ തയാറാക്കിയ വോട്ടർ പട്ടികയിൽ 20 ലക്ഷം വ്യാജവോട്ടുകളാണ് കോൺഗ്രസ് കണ്ടെത്തിയിരുന്നത്. അതിൽ നാലുലക്ഷം വ്യാജ വോട്ടുകളുടെ തെളിവുകൾ ശേഖരിച്ച് കോൺഗ്രസ് ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നൽകിയ തെളിവുകൾ അംഗീകരിച്ച് ഇത്തരത്തിൽ കള്ളവോട്ടുകൾ ചേർത്തതായി സ്ഥിരീകരിച്ച ഹൈകോടതി അത് വെട്ടിമാറ്റാൻ കഴിയാത്ത സ്ഥിതിവിശേഷം പരിഗണിച്ച് വ്യാജ വോട്ടർമാർ വോട്ട് ചെയ്യാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് നിർദേശിച്ചത്. എന്നാൽ, അത്രയും വ്യാജ വോട്ടുകൾ പിന്നീട് നീക്കം ചെയ്യാനുള്ള ഒരു നടപടിയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അഥവാ, 2024ലെ വോട്ടർ പട്ടികയിൽ കോൺഗ്രസ് ആരോപിച്ച 20 ലക്ഷത്തോളം കള്ളവോട്ടുകൾ നിലനിൽക്കുന്നുണ്ട്. അവ നീക്കം ചെയ്തുകിട്ടാനുള്ള നടപടികൾ ഹൈകോടതിയിലെ ഹരജിക്ക് ശേഷം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതിനിടയിലാണ് ബി.ജെ.പിക്കായി വോട്ടുചോരി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ എസ്.ഐ.ആർ നടപ്പാക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിൽ തുടക്കം കുറിച്ചത്.
ബിഹാറിനെ ഇളക്കിമറിച്ച ആ യാത്രയിൽ സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇൻഡ്യ സഖ്യകക്ഷികൾ എല്ലാം ഭാഗഭാക്കായതോടെ എസ്.ഐ.ആറിനെതിരായ സമരം ഇൻഡ്യയുടേതായി ദേശീയ തലത്തിലേക്ക് വളർന്നു. അങ്ങനെയാണ് കേരളത്തിലും എസ്.ഐ.ആർ വിരുദ്ധ വികാരമുയരുന്നത്. ഈ വികാരം തങ്ങൾക്കുകൂടി അനുകൂലമാക്കി മാറ്റാനാണ് നിയമസഭാ പ്രമേയത്തിലൂടെ സി.പി.എം നീക്കം. 2024ലെ വോട്ടർപട്ടിക അടിസ്ഥാന വോട്ടർ പട്ടികയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ആ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചാൽ കേരളത്തിലെ വ്യാജവോട്ടുകളിൽ കോൺഗ്രസിന്റെ ആരോപണങ്ങളെയും 2020ലെ ഹൈകോടതിയിലെ കേസിനെയും നിരാകരിക്കുന്ന നടപടിയായി അത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

