ഈ ധിറുതിയിൽ ദുരൂഹതയുണ്ട്
text_fieldsഎസ്.ഐ.ആർ എന്നത് കേവലം വോട്ടർ പട്ടിക പുതുക്കലോ പരിഷ്കരണമോ അല്ല. ഈ പ്രക്രിയതന്നെയും ജനപ്രാതിനിധ്യ നിയമത്തിന്റെ പച്ചയായ ലംഘനമാണ്.
ഒക്ടോബർ 24ന്, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ധിറുതി പിടിച്ച് 12 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക തീവ്രപരിശോധന (എസ്.ഐ.ആർ) പ്രഖ്യാപിച്ചത് പലതരത്തിലുള്ള സംശയങ്ങളും ഉയർത്തുന്നുണ്ട്. എന്തായിരിക്കും ഈ നടപടിയിലൂടെ കമീഷൻ ലക്ഷ്യമിടുന്നുണ്ടാവുക? ഈയൊരു നടപടിയിലൂടെ എൻ.ആർ.സിക്ക് കേന്ദ്രം ന്യായം ചമക്കുകയാണോ? അതോ, സംഘ്പരിവാർവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും അരികുവത്കരിക്കാനുള്ള ശ്രമമായിരിക്കുമോ ഇതിനു പിന്നിൽ?
ജൂൺ 24നായിരുന്നുവല്ലോ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ദേശീയ തലത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. നവംബറിൽ ബിഹാറിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി എസ്.ഐ.ആർ നടപടിക്രമങ്ങൾക്ക് അവിടെനിന്ന് തുടക്കമാകുമെന്നും സർക്കുലറിലുണ്ടായിരുന്നു. തൊട്ടുടനെ സുപ്രീംകോടതിയിൽ നിരവധി റിട്ട് ഹരജികളെത്തി; ഹരജിക്കാരിൽ വ്യക്തികളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഉണ്ടായിരുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായതിനാൽ, എസ്.ഐ.ആർ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹരജിയുടെയെല്ലാം പൊതുവായ ഉള്ളടക്കം.
ബിഹാറിലെ എസ്.ഐ.ആർ നടപടികൾ പ്രത്യേകമായിത്തന്നെ കോടതികേറി. 2025 ജനുവരിയിലെ പുതുക്കിയ വോട്ടർ പട്ടിക സമ്പൂർണമായി അവഗണിച്ച് 2003ലെ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രക്രിയയുടെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെട്ടത്. 2003ലെ പട്ടികയിലില്ലാത്തവരെല്ലാം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ് കമീഷൻ നിർദേശിച്ചത്. പൗരത്വം തെളിയിക്കാൻ സമർപ്പിക്കേണ്ട 11 രേഖകളിലൊന്നാണ് പുതിയ അപേക്ഷക്കായി കമീഷൻ ആവശ്യപ്പെട്ടതെന്നും ശ്രദ്ധിക്കണം. 11 രേഖകളിൽ നിലവിലുള്ള വോട്ടർ ഐ.ഡിയും ആധാർ കാർഡും ഉൾപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല! സ്വാഭാവികമായും സുപ്രീംകോടതി ഇടപെടാൻ നിർബന്ധിതരായി. മനസ്സില്ലാ മനസ്സോടെ, തിരിച്ചറിയൽ രേഖകളിൽ ആധാർ ഉൾപ്പെടുത്താമെന്ന് കമീഷൻ സമ്മതിക്കുകയും ചെയ്തു.
ജനപ്രാതിനിധ്യ നിയമ പ്രകാരം, വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഒരാൾക്ക് തന്റെ പൗരത്വം തെളിയിക്കാൻ ആറ് രേഖകളിലൊന്ന് മതി: ജനന സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്. ഇവിടെ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത് 11രേഖകളാണ്. അതിലാകട്ടെ, ഭരണഘടന നിഷ്കർഷിക്കുന്ന ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഇല്ലതാനും. ഇങ്ങനെ ഏകപക്ഷീയമായി ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്താൻ കമീഷനാകുമോ? പാർലമെന്റിന് മാത്രമാണ് അതിനുള്ള അവകാശം.
1995ൽ ലാൽ ബാബു ഹുസൈൻ കേസിൽ സുപ്രീംകോടതിയുടെ വിധി ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. ഒരിക്കൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആ വ്യക്തിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്തി, തന്റെ ഭാഗം കേൾക്കാൻ അവസരം നൽകിയതിനു ശേഷമല്ലാതെ അയാളുടെ പേര് നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് പ്രസ്തുത കേസിൽ സുപ്രീംകോടതിയുടെ വിധി. അതുകൊണ്ടുതന്നെ, കമീഷന്റെ നടപടി പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകളുടെ ലംഘനമാണ്.
ബിഹാറിൽ കമീഷന്റെ നടപടികൾ ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ്, എസ്.ഐ.ആറിന് തുടക്കമിട്ടിരിക്കുന്നത്. സൂക്ഷ്മമായി വിലയിരുത്തുമ്പോൾ എസ്.ഐ.ആർ എന്നത് കേവലമായൊരു വോട്ടർ പട്ടിക പുതുക്കലോ പരിഷ്കരണമോ അല്ല. ഒന്നാമതായി, ഈ പ്രക്രിയതന്നെയും ജനപ്രാതിനിധ്യ നിയമത്തിന്റെ പച്ചയായ ലംഘനമാണ്. ഒരാളുടെ പൗരത്വം തെളിയിക്കാൻ നിർദേശിച്ച് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവകാശത്തിലാണ് കമീഷൻ കൈകടത്തിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി നിലവിലെ നിയമം ഏകപക്ഷീയമായി മാറ്റുകവഴി, കമീഷൻ പാർലമെന്റിന്റെ അധികാരങ്ങളെയും മറികടന്നു.
1947നും 1950നും ഇടയിൽ ഇന്ത്യയിൽ പൗരത്വം സംബന്ധിച്ച് യാതൊരു നിയമവുമില്ലായിരുന്നു. അക്കാലത്താണ് രാജ്യം ആദ്യത്തെ വോട്ടർ പട്ടികയുണ്ടാക്കിയതെന്നോർക്കണം. രാജ്യത്ത് ജീവിക്കുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നു അത് നടപ്പിലാക്കിയത്. ഇന്നിപ്പോൾ കാര്യങ്ങൾ തലകീഴ് മറിഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ജനങ്ങളെ സംശയിക്കുകയാണ്. പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം വ്യക്തിയിലേക്ക് മാറ്റിയിരിക്കുന്നു, അവരിൽ ഭൂരിഭാഗത്തിനും കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ ഇല്ല. സാധാരണ പൗരന്മാരുടെ കൈവശം ആകെയുള്ളത് റേഷൻ കാർഡും ആധാർ കാർഡുമൊക്കെയാണ്. അതാകട്ടെ, പൗരത്വ രേഖയായി കമീഷൻ അംഗീകരിക്കുന്നുമില്ല.
ആദ്യത്തെ വോട്ടർ പട്ടിക സ്വാഭാവിക അംഗത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അല്ലെങ്കിൽ തെളിയിക്കപ്പെട്ട പൗരത്വമില്ലാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു. കാരണം അന്നും ഇന്നും ഭൂരിഭാഗം ഇന്ത്യക്കാരുടെയും കൈവശം പൗരത്വത്തിന്റെ തെളിവില്ലായിരുന്നു. ഭരണകൂടത്തിന് ജനങ്ങളോടുള്ള സമീപനം വിശ്വാസ്യതയിലധിഷ്ഠിതമാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ഇന്നിപ്പോൾ സമീപനം വിശ്വാസ്യതയുടേതല്ല; മറിച്ച് സംശയത്തിന്റേതാണ്. പൗരത്വം തെളിയിക്കാനുള്ള ബാധ്യത വ്യക്തികൾക്കായി ചുരുങ്ങിയിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമീഷന്റെ കർത്തവ്യം, ആരുടെയും പൗരത്വം നിർണയിക്കുകയല്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന പച്ചയായ ഭരണഘടനാ ലംഘനമാണിത്. കളി നിയന്ത്രിക്കുന്ന അമ്പയർ ഇവിടെ ഗേറ്റ് കീപ്പറായി മാറിയിരിക്കുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

