കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി: ജനാധിപത്യത്തിന്റെ വലിയ വിജയം -എസ്.ഐ.ഒ
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും അട്ടിമറികൾക്കുമെതിരെ രാജ്യത്തുടനീളം ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചത് ജനാധിപത്യത്തിന്റെ വലിയ വിജയമാണെന്ന് സ്റ്റുഡന്റ്സ് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). പൊതുജനങ്ങളോടും ജനപ്രതിനിധികളോടും ഭരണാധികാരികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന തത്ത്വത്തിന്റെ ദീർഘകാലമായുള്ള സ്ഥിരീകരണമാണിത്. ഇത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉദാരതയല്ല മറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന പൊതുസമൂഹം നടത്തിയ സമാധാനപരവും നിശ്ചയദാർഢ്യത്തോടെയുള്ളതുമായ പോരാട്ടത്തിന്റെ ഫലമാണെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.
വൻ വില നൽകിയാണ് വിദ്യാർഥി സമൂഹം ഈ വിജയം നേടിയെടുത്തത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കടുത്ത പൊലീസ് അതിക്രമങ്ങളും മറ്റ് ഭീഷണികളുമാണ് നേരിടേണ്ടി വന്നത്. ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തിന്റെ ഇത്തരം അടിച്ചമർത്തൽ നടപടികൾ തികച്ചും അപലപനീയമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രിയുടെ രാജി സുപ്രധാന ചുവടുവെപ്പാണെങ്കിലും അത് കൊണ്ട് മാത്രം യഥാർഥ ഉത്തരവാദിത്തത്തിൽനിന്ന് അധികാരികൾക്ക് ഒഴിവാകാനാകില്ല. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയ സിസ്റ്റത്തിലെ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം. സുതാര്യമായ രീതിയിൽ സ്ഥാപനപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും എല്ലാ തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണം.
പോരാട്ടത്തിന് നേതൃത്വം നൽകിയ വിദ്യാർഥി സമൂഹത്തെ അഭിനന്ദിച്ച എസ്.ഐ.ഒ, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയുള്ള നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രക്ഷോഭകരുടെ പേരിലുള്ള എല്ലാ വ്യാജ കേസുകളും പിൻവലിക്കുക, പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, ഭാവിയിൽ സ്ഥാപനപരമായ പരാജയങ്ങൾ കാരണം ഒരു വിദ്യാർഥിയുടെയും ഭാവി അപകടത്തിലാകാതിരിക്കാൻ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

