ഒരു പേന, ഒരു ഡയറി, ഒരൊറ്റ വാക്ക്; 10 വർഷത്തിന് ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തി 'കാണാതായ വയോധികൻ'
text_fieldsഅൽമോറ: ഉത്തരാഖണ്ഡിൽ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് വർഷങ്ങളായി അലഞ്ഞുതിരിഞ്ഞിരുന്ന ഒരു വയോധികന് ഒടുവിൽ സ്വന്തം കുടുംബത്തെ വീണ്ടും കണ്ടെത്താനായി. വീട്ടിൽ നിന്ന് കാണാതായി ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കരുതലും ഒരു പേനയും ഡയറിയും ഈ മനുഷ്യനെ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തിച്ചത്.
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽപ്പെട്ട മജ്ഖാലി, താരിഖേത് പ്രദേശങ്ങളിൽ വർഷങ്ങളായി അലഞ്ഞുതിരിയുന്ന ഒരാളെ മജ്ഖാലി പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയേറ്റ പുതിയ സബ് ഇൻസ്പെക്ടർ വിനോദ് ഫർത്യാൽ ശ്രദ്ധിക്കുകയും അദ്ദേഹത്തെ പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് കൊണ്ടുവരികയും ചെയ്തു. വയോധികനോട് വീട്ടുകാരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും ഉദ്യോഗസ്ഥൻ പലതവണ ചോദിച്ചെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് അദ്ദേഹം വയോധികന് ഒരു ഡയറിയും പേനയും നൽകി. ഓർമയിൽ വരുന്ന എന്തെങ്കിലും എഴുതാൻ ആവശ്യപ്പെട്ടു. വയോധികൻ ഡയറിയിൽ എഴുതിയത് “രാജേപൂർ” എന്ന ഒരൊറ്റ വാക്ക് മാത്രമായിരുന്നു. ഈ സൂചന പിന്തുടർന്ന പൊലീസ് ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് രാജേപൂർ എന്ന് കണ്ടെത്തി. തുടർന്ന് മജ്ഖാലി പോലീസ് രാജേപൂർ പൊലീസുമായി ബന്ധപ്പെടുകയും വയോധികന്റെ ചിത്രവും ലഭ്യമായ മറ്റ് വിവരങ്ങളും കൈമാറുകയും ചെയ്തു.
അങ്ങനെ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിൽ വയോധികനെ തിരിച്ചറിഞ്ഞു.ശ്യാം സിങ് അതായിരുന്നു പേര്. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെയും പൊലീസ് കണ്ടെത്തി. വിവരം ലഭിച്ചതോടെ ശ്യാം സിങിന്റെ മകനും മറ്റ് ബന്ധുക്കളും ഉത്തർപ്രദേശിൽ നിന്ന് മജ്ഖാലി പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി.
ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച്, ഏകദേശം 10 വർഷം മുമ്പ് മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ശ്യാം സിങ് വീട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയത്. കുടുംബം പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തെ കണ്ടെത്താനുളള പ്രതീക്ഷ കുടുംബം ഏതാണ്ട് അവസാനിപ്പിച്ചിരുന്നു.എന്നാൽ വർഷങ്ങൾക്കുശേഷം, ഉത്തരാഖണ്ഡ് പൊലീസിന്റെ ഇടപെടലിലൂടെ കുടുംബത്തിന് ശ്യാം സിങിനെ തിരിച്ചുകിട്ടി.
ശ്യാം സിങിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ച സംഭവത്തിന്റെ വീഡിയോ @KumaonJagran എന്ന എക്സ് അക്കൗണ്ട് പങ്കുവെച്ചതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വയോധികന്റെ കുടുംബത്തെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ച എസ്.ഐ. വിനോദ് ഫർത്യാലിന്റെ ഇടപെടലിന് സമൂഹമാധ്യമങ്ങളിൽ വൻ അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പോസ്റ്റിൽ, പൊലീസിന്റെ ഏറ്റവും വലിയ നേട്ടം എല്ലായ്പ്പോഴും ഒരു അറസ്റ്റ് നടത്തുന്നതോ ഒരു കേസ് പരിഹരിക്കുന്നതോ മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടി. കുടുംബം ഇനി ഒരിക്കലും കാണാനാകില്ലെന്ന് കരുതിയ ഒരാളെ കണ്ടെത്തി അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരിച്ചെത്തിക്കാൻ കഴിയുന്നതും പോലീസിന്റെ വലിയ നേട്ടമാണെന്നായിരുന്നു പലരുടെയും പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

