കോസ്റ്റ്യൂം ഡിസൈനറെ ബലാത്സംഗം ചെയ്തെന്ന്; ബോളിവുഡ് ഗായകൻ രാഹുൽ ജെയിനിനെതിരെ കേസ്
text_fieldsരാഹുൽ ജെയിൻ
മുംബൈ: കോസ്റ്റ്യൂം ഡിസൈനറെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രമുഖ ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ രാഹുൽ ജെയിനിനെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ രാഹുലിന്‍റെ വസതിയിൽ വെച്ച് ബലാത്സംഗത്തിന് ഇരയായെന്ന 30 കാരിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്.
ഓഷിവാര പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ മൊഴിയിൽ, രാഹുൽ ഇൻസ്റ്റാഗ്രാമിൽ തന്നെ ബന്ധപ്പെടുകയും തന്റെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറഞ്ഞു.സ്വകാര്യ വസ്ത്രാലങ്കാര സ്‌റ്റൈലിസ്റ്റായി തന്നെ നിയമിക്കാമെന്ന് ഗായകൻ ഉറപ്പ് നൽകിയിരുന്നു. തുടർന്ന്, സബർബൻ അന്ധേരി ഏരിയയിലെ ഒരു ബഹുനില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ആഗസ്റ്റ് 11ന് രാഹുൽ ജെയിനിന്റെ ഫ്ലാറ്റിലെത്തിയ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെ എതിർത്തപ്പോൾ രാഹുൽ തന്നെ ആക്രമിച്ചെന്നും യുവതി പറയുന്നു.ഫ്രീലാൻസർ കോസ്റ്റ്യൂം സ്റ്റൈലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതിയെന്ന് മുംബൈ പൊലീസ് വെളിപ്പെടുത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഒഷിവാര പൊലീസ് പറഞ്ഞു. ഐ.പി.സി സെക്ഷൻ 376, 323, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതേസമയം, യുവതിയെ അറിയില്ലെന്നും ഇവർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാഹുൽ ജെയിൻ പറഞ്ഞു. നേരത്തെ, ഒരു ബോളിവുഡ് ഗാനരചയിതാവായ സ്ത്രീയുടെ പരാതിയിൽ രാഹുലിനെതിരെ ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, കുട്ടിയെ ഉപേക്ഷിക്കൽ, വഞ്ചന എന്നിവക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

