മുംബൈ: പിന്നണി ഗായിക അനുരാധ പഡ്വാളിൻെറ മകനും സംഗീതജ്ഞനുമായ ആദിത്യ പഡ്വാൾ അന്തരിച്ചു. 35 വയസായിരുന്നു.
കരൾ രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ആദിത്യ മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. ഗായകൻ ശങ്കർ മഹാദേവൻ മരണവാർത്ത സ്ഥിരീകരിച്ചു.
'മരണ വാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. എനിക്കിത് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട ആദിത്യ പട്വാൾ ഇനിയില്ല. എന്തൊരു മികച്ച സംഗീതജ്ഞനും മനോഹരമായ മനുഷ്യനുമായിരുന്നു അവൻ. രണ്ടു ദിവസം മുമ്പാണ് അവൻ പ്രോഗ്രാം ചെയ്ത ഒരു പാട്ട് പാടാൻ എനിക്ക് സാധിച്ചത്. ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ല. സ്നേഹം സഹോദരാ...മിസ് യൂ'- ശങ്കർ മഹാദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
മ്യൂസിക് അറേഞ്ചറും പ്രൊഡ്യൂസറുമായ ആദിത്യ നവാസുദ്ദീൻ സിദ്ദിഖിയുടെ 'താക്കറെ' എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്. മാതാവിനും സഹോദരി കവിതക്കുമൊപ്പമായിരുന്നു കഴിഞ്ഞു വന്നത്.