സിൽക്യാര ദൗത്യം വിജയം; 41 തൊഴിലാളികൾ പുതുജീവിതത്തിലേക്ക്; ആദ്യമെത്തിയത് ഗണപതിയും വിജയിയും
text_fieldsസിൽക്യാര (ഉത്തരകാശി): 17 നാളുകൾ പുറംലോകം കാണാതെ തുരങ്കത്തിനുള്ളിൽ കഴിച്ചുകൂട്ടിയ 41 തൊഴിലാളികളെ രാജ്യത്തെയും ലോകത്തെയും രക്ഷാദൗത്യങ്ങളുടെ ചരിത്രത്തിൽ അപൂർവം ഒന്നായി മാറിയ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചു.
ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിനിടെ തുരങ്കമിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ഏറെ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി പുറത്തെത്തിച്ചു. ഒരാഴ്ചയായി നിർമിച്ചുകൊണ്ടിരിക്കുന്ന കുഴൽപാത ചൊവ്വാഴ്ച ഉച്ചക്ക് 1.10ന് ലക്ഷ്യത്തിലെത്തിയതാണ് രക്ഷാദൗത്യം വിജയസമാപ്തിയിലെത്തിച്ചത്.
60ലേറെ മീറ്ററിനപ്പുറത്ത് കുടുങ്ങിയ തൊഴിലാളികളെ അതിലേറെ നീളത്തിൽ ഒരുക്കിയ കുഴൽപാത വഴി രാത്രി 7.45നാണ് പുറത്തെത്തിച്ചുതുടങ്ങിയത്. ആദ്യം രണ്ടു പേരും പിന്നീട് അഞ്ചുപേരും പുറത്തെത്തി. രാത്രി 8.40ഓടെ 41 പേരും പുറത്തെത്തുമ്പോൾ ആദ്യം പുറത്തെത്തിയവരെയുംകൊണ്ട് അഞ്ച് ആംബുലൻസുകൾ ആശുപത്രിയിലേക്കു നീങ്ങി.
തുടർന്നുള്ള ആംബുലൻസുകളിൽ മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചു. കുഴൽപാതയിലൂടെ പുറത്തെത്തിച്ച തൊഴിലാളികൾക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകാനായി തുരങ്കത്തിനകത്ത് എട്ടു കിടക്കകളുള്ള താൽക്കാലിക ഡിസ്പെൻസറിയൊരുക്കിയിരുന്നു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തൊഴിലാളികളെ തുരങ്കമുഖത്ത് ഒരുക്കിനിർത്തിയിരുന്ന ആംബുലൻസുകളിൽ കയറ്റി 35 കിലോമീറ്റർ അകലെയുള്ള ചിന്യാലി സോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ അവിടെനിന്ന് ഋഷികേശ് എയിംസിലേക്ക് മാറ്റും. തുരങ്കമിടിഞ്ഞുവീണ അവശിഷ്ടങ്ങൾക്ക് അകത്തുകൂടി 32 ഇഞ്ച് വ്യാസത്തിൽ 60 മീറ്ററിലേറെ കുഴൽപാത തീർക്കുന്ന പ്രവൃത്തി ചൊവ്വാഴ്ച ഉച്ചക്ക് 1.10നാണ് ലക്ഷ്യം കണ്ടത്.
കുഴൽപാത ലക്ഷ്യത്തിലെത്തിയതോടെ തൊഴിലാളികൾ തുരങ്കത്തിനകത്തുനിന്ന് ഹർഷാരവം മുഴക്കി. അതിനു പിന്നാലെ കുഴൽപാതയിലൂടെ അവർക്കരികിലെത്തിയ ദുരന്തനിവാരണസേനാംഗങ്ങൾ തൊഴിലാളികളുടെ വിവരങ്ങളാരാഞ്ഞ് അവർക്കാവശ്യമായ സാമഗ്രികൾ അകത്തെത്തിച്ചു. അവരെ പുറത്തെത്തിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ഒരു ഇരുമ്പുകുഴൽകൂടി വെൽഡ് ചെയ്ത് പിടിപ്പിച്ച് അൽപംകൂടി മുന്നോട്ടുതള്ളാൻ തീരുമാനിക്കുകയായിരുന്നു. ദുരന്തനിവാരണസേനയുടെകൂടി നിർദേശപ്രകാരമായിരുന്നു ഇത്. ഇത് പൂർത്തിയായ മുറക്ക് ചക്രമുള്ള സ്ട്രെച്ചറിൽ തൊഴിലാളികളെ പുറത്തേക്കെത്തിച്ചു.

