Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിക്കിം തുരങ്കപാത...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

text_fields
bookmark_border
Sikkim tunnel crash
cancel

ഗാങ്ടോക്: സിക്കിമിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം സ്വദേശിയും. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് അനീഷ് മോഹനെയാണ് കാണാതായണ്. ശാസ്ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് അനീഷ്.

സിക്കിമിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ വാതക ചോർച്ചയിൽ എട്ടുപേരാണ് മരിച്ചത്. 17 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നിലവിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ങ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിന്റെ കവാടം അടഞ്ഞ നിലയിലായതിനാൽ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അതീവ ദുഷ്കരമായി തുടരുകയാണ്.

നാംചി ജില്ലയിലുള്ള സമർദുംഗിലെ തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ അപകടമുണ്ടായത്. പർഗേൽ എൻജിനീയറിങ് കമ്പനി തീസ്ത സ്റ്റേജ് -ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കമാണിത്. തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിൽ വഴി തടസ്സപ്പെടുത്തുകയും ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. വാതക ചോർച്ച, കുറഞ്ഞ ഓക്സിജൻ അളവ്, മോശം ദൃശ്യപരത, ഇടുങ്ങിയ പാത എന്നിവ രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഭൂഗർഭ പാളികളിൽ നിന്നോ പാറക്കെട്ടുകളിൽ നിന്നോ സ്വാഭാവികമായി പുറത്തുവരുന്ന മീഥെയ്ൻ വാതകം തുരങ്കത്തിനുള്ളിൽ ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവിൽ അടിഞ്ഞുകൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിയ വാതകം പുറത്തേക്ക് വിടാനുള്ള ശ്രമത്തിനിടെ ഒരു സ്ഫോടനം ഉണ്ടായതായും അത് മണ്ണിടിച്ചിലിന് കാരണമായതായും തുരങ്കത്തിന്റെ പ്രവേശന കവാടം അടയുകയുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് തൊട്ടുപിന്നാലെ ചില തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും നിരവധിപേർ അകത്ത് കുടുങ്ങുകയായിരുന്നു.

തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യവും ഓക്സിജന്റെ അളവും കുറവായതിനാൽ രക്ഷാപ്രവർത്തകർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് നടത്തിയ പ്രാരംഭ രക്ഷാപ്രവർത്തനം ഉപേക്ഷിച്ചിരുന്നു. തുരങ്കത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പല രക്ഷാപ്രവർത്തകർക്കും തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടു. നിലവിൽ ഗ്യാസ് മാസ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താൻ ശ്രമിക്കുന്നത്. നാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ്, സിക്കിം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്നും ഇതിന് ശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslidemalayaliSikkimtunnel waytunnel crash
News Summary - sikkim tunnel collapse several still trapped
Next Story