സിക്കിം ഹൈകോടതിയിൽ വനിത ജീവനക്കാർക്ക് ആർത്തവ അവധി
text_fieldsഗാങ്ടോക്: സിക്കിം ഹൈക്കോടതി രജിസ്ട്രിയിലെ വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ അവധി നയം അവതരിപ്പിച്ചു. മെയ് 27 ന് വിജ്ഞാപനത്തിൽ സിക്കിം ഹൈക്കോടതി രജിസ്ട്രി വനിത ജീവനക്കാർക്ക് ഒരു മാസത്തിൽ രണ്ടോ മൂന്നോ ദിവസത്തെ ആർത്തവ അവധി എടുക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ആര്‍ത്തവ അവധി നടപ്പിലാക്കുന്ന ആദ്യ ഹൈക്കോടതിയാണ് സിക്കിം ഹൈക്കോടതി. രാജ്യത്തെ ഏറ്റവും ചെറിയ ഹൈകോടതിയാണ് സിക്കിമിലേത്.
ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം ഇവിടെ മൂന്ന് ജഡ്ജിമാരാണുള്ളത്. ഒരു വനിതാ ഓഫീസര്‍ ഉള്‍പ്പെടെ രജിസ്ട്രിയില്‍ ഒമ്പത് ഓഫിസര്‍മാര്‍ മാത്രമാണ് ഉള്ളത്. അതേസമയം ഹൈകോടതിയിൽ മെഡിക്കല്‍ ഓഫിസറുടെ മുന്‍കൂര്‍ ശുപാര്‍ശയില്‍ മാത്രമേ ആർത്തവ അവധി അനുവദിക്കുള്ളൂ. എന്നാല്‍ ആര്‍ത്തവ അവധി ജീവനക്കാര്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്ന അവധികളില്‍ ഉള്‍പ്പെടുത്തില്ല.
2023 ഫെബ്രുവരിയിൽ രാജ്യത്തെ വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
കൂടാതെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് നിവേദനം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഈ ആവശ്യം തള്ളുകയായിരുന്നു.
ആര്‍ത്തവത്തെ വൈകല്യമായി കാണുന്നില്ലെന്നും അവധി നയം നടപ്പിലാക്കുന്നത് തുല്യതയെ ചോദ്യം ചെയ്യുമെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്. അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു കരട് ആര്‍ത്തവ ശുചിത്വ നയം രൂപികരിച്ചു. കരട് നയത്തില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ സമയത്ത് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ സപ്പോര്‍ട്ട് ലീവുകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

