സ്ഥിതി ഗുരുതരം; ഒത്തുതീർപ്പ് തള്ളി ചൈന
text_fieldsന്യൂഡൽഹി: സിക്കിമിനോടു ചേർന്ന അതിർത്തിയിലെ സൈനിക സംഘർഷത്തിൽ ഒത്തുതീർപ്പിനുള്ള സാധ്യത ചൈന തള്ളി. സ്ഥിതി ‘ഗുരുതര’മാണെന്നും അതു പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കാണെന്നും ഡൽഹിയിൽ ചൈനീസ് സ്ഥാനപതി ലുവോ ഷാവോയി പറഞ്ഞു. പന്ത് ഇന്ത്യയുടെ കോർട്ടിലാണ്. പ്രശ്നപരിഹാരത്തിന് എന്തൊക്കെ സാധ്യതയുണ്ടെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി സംഘർഷം നേരാംവണ്ണം കൈകാര്യം ചെയ്തില്ലെങ്കിൽ യുദ്ധത്തിലേക്കു നയിച്ചേക്കാമെന്ന് ചൈനീസ് മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിനാണ് അംബാസഡറുടെ മറുപടി. ആ സാധ്യത, ഇൗ സാധ്യത എന്നെല്ലാം ചർച്ചകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സൈനികമായ സാധ്യത പ്രയോഗിക്കണമോ എന്നത് സർക്കാറിെൻറ നയത്തെ ആശ്രയിച്ചാണിരിക്കുന്നത്. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഇന്ത്യൻ സേന നിരുപാധികം സ്വന്തം മണ്ണിലേക്ക് പിന്മാറണം. അത് ഇക്കാര്യത്തിലുള്ള മുൻഉപാധിയാണ്.
സാഹചര്യങ്ങൾ ഗുരുതരമാണ്. അതിൽ തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ട്. പരസ്പരം അംഗീകരിച്ചിട്ടുള്ള അതിർത്തി ഇന്ത്യൻ സേന മറികടക്കുന്നത് ഇതാദ്യമാണ്. രണ്ടു സേനകളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണ്. 19 ദിവസം കഴിഞ്ഞു. എന്നാൽ സ്ഥിതിയിൽ അയവു വന്നിട്ടില്ല. ചൈനയും ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകളിൽ ഇടപെടാൻ ഇന്ത്യക്ക് അവകാശമില്ല. ഭൂട്ടാെൻറ പേരിൽ അതിർത്തി സംബന്ധമായ അവകാശവാദങ്ങൾ ഉന്നയിക്കാനുമില്ല അവകാശമെന്ന് സ്ഥാനപതി കൂട്ടിച്ചേർത്തു.
ഇന്ത്യ ഉയർത്തുന്ന സുരക്ഷപരമായ ഉത്കണ്ഠയിൽ കഴമ്പില്ല. അതിർത്തി മറികടന്നാണ് ഇന്ത്യൻ സേന നിൽക്കുന്നത്. അവർ അവിടെ എന്തു ചെയ്യുന്നു എന്നതല്ല പ്രശ്നം. ഒരു പരമാധികാര രാജ്യത്തിനും ഇൗ നടപടി വകവെച്ചു കൊടുക്കാൻ പറ്റില്ല. വിപരീത ഫലങ്ങൾ ഉണ്ടാകാതിരിക്കാൻ ആദ്യം വേണ്ടത് ഇന്ത്യൻ സേനയുടെ പിന്മാറ്റമാണെന്ന് ചൈനീസ് അംബാസഡർ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
