കാപ്പനെ ജയിലിലേക്ക് മാറ്റിയത് കോടതിയലക്ഷ്യമെന്ന്; അടിയന്തിര നടപടി ആവശ്യപ്പെട്ട് യു.പി സർക്കാറിന് നോട്ടീസ് നൽകി
text_fieldsസിദ്ദീഖ് കാപ്പൻ
യു.എ.പി.എ ചുമത്തി ജയിലിലടച്ച സിദ്ധീഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഉത്തർപ്രദേശ് സർക്കാറിന് േനാട്ടീസ് നൽകി. ആറു മണിക്കൂറിനകം കാപ്പനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കാണിച്ചാണ് യു.പി സർക്കാറിലെ ഉയർന്ന് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയത്.
മഥുര ജയിൽ സീനിയർ സൂപ്രണ്ടന്‍റ് ശൈലേന്ദ്ര കുമാർ മൈത്രേ, ആഭ്യന്തര വകുപ്പ് സ്പെഷ്യൽ സെക്രട്ടറിമാരായ സത്യ പ്രകാശ് ഉപാധ്യയ, കുമാർ പ്രശാന്ത്, ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരി, ഡി.ജി.പി ഹിതേഷ് ചന്ദ്ര അവാസ്തി എന്നിവർക്കാണ് അഭിഭാഷകൻ വിൽസ് മാത്യൂസ് നോട്ടീസ് നൽകിയത്. അടിയന്തിര സ്വഭാവമുള്ളത് എന്ന് കുറിപ്പ് വെച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
സിദ്ധീഖ് കാപ്പന്‍റെ മോചനവും ചികിത്സയും ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹരജിയിൽ സുപ്രീം കോടതി ഏപ്രിൽ 29 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ ചികിത്സ നൽകണമെന്നും അതിനായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്നും കാപ്പന്‍റെ രോഗാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഏപ്രിൽ 21 ന് കാപ്പൻ കോവിഡ് പോസിറ്റീവായെന്ന് ജയിൽ രേഖകളിലുണ്ടായിരുന്നു. കൂടാതെ ഉയർന്ന പ്രമേഹവും രക്ത സമ്മർദവും ഹൃദ്രോഗവും ശരീരത്തിലേറ്റ പരിക്കുകളും കാപ്പന്‍റെ ആരോഗ്യസ്ഥിതിയെ ബാധിച്ചതായും കോടതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉടനെ ചികിത്സ ലഭ്യമാക്കണമെന്നും ഡൽഹിയിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടത്. ഏപ്രിൽ 30 ന് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റി. കാപ്പന് പിന്നീട് കോവിഡ് നെഗറ്റീവായെന്നും യു.പി സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ശേഷം, കാപ്പന്‍റെ ഭാര്യ റൈഹാനത്തിന് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി തേടി എയിംസ് അധികൃതർക്ക് മേയ് 3 ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി കത്ത് നൽകിയിരുന്നു. ഈ കത്തിന് മേയ് 8 ന് എയിംസ് അധികൃതർ നൽകിയ മറുപടി കാപ്പൻ കോവിഡ് പോസിറ്റീവാണെന്നും സന്ദർശകരെ അനുവദിക്കുന്നതിന് തടസമുണ്ടെന്നുമായിരുന്നു.
കാപ്പന് കോവിഡ് നെഗറ്റീവായെന്ന് യു.പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് അദ്ദേഹത്തിന് ചികിത്സ തടയാനുള്ള തന്ത്രമായിരുന്നോ എന്ന് അഭിഭാഷകൻ ചോദിച്ചു. കാപ്പന്‍റെ ആരോഗ്യസ്ഥിതിയെകുറിച്ച് അഭിഭാഷകനോ കുടുംബത്തിനോ മേയ് 7 വരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. മേയ് 7 ന് രാവിലെ 11.30 ന് സിദ്ധീഖ് കാപ്പൻ ഭാര്യ റൈഹാനത്തിനെ ഫോണിൽ വിളിച്ചപ്പോഴാണ് അർധരാത്രി ജയിലിലേക്ക് മാറ്റിയ വിവരം അറിയുന്നത്. കോവിഡ് നെഗറ്റീവായോ എന്ന് അറിയില്ലെന്നും ഭക്ഷണമോ മരുന്നോ ഇല്ലാത്ത ദൈന്യാവസ്ഥയിലാണെന്നും കാപ്പൻ അപ്പോൾ പറഞ്ഞിരുന്നു.
രോഗാവസ്ഥയിൽ കാപ്പനെ ജയിലിലേക്ക് മാറ്റിയത് കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും അഭിഭാഷകൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. ചികിത്സ ലഭ്യമാക്കണമെന്ന കോടതി ഉത്തരവിന്‍റെ ലംഘനമാണ് യു.പി സർക്കാറിന്‍റെ നടപടി. സർക്കാർ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും നോട്ടീസിൽ ചൂണ്ടികാണിച്ചു. കാപ്പന്‍റെ ചികിത്സക്കായി ചെലവഴിക്കാൻ യു.പി സർക്കാറിന് പ്രയാസമുണ്ടെങ്കിൽ അദ്ദേഹത്തെ കാലിക്കറ്റ് മെഡിക്കൽ കോളജിലേക്കോ കേരളത്തിലെ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ മാറ്റാൻ ഒരുക്കമാണെന്നും അഡ്വ വിൽസ് മാത്യൂസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

