Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right133 ദിവസത്തെ ജയിൽവാസം;...

133 ദിവസത്തെ ജയിൽവാസം; കാപ്പന് മുന്നിൽ നീതി ചോദ്യചിഹ്നമാകുമ്പോൾ

text_fields
bookmark_border
133 ദിവസത്തെ ജയിൽവാസം; കാപ്പന് മുന്നിൽ നീതി ചോദ്യചിഹ്നമാകുമ്പോൾ
cancel

ക്ടോബർ അഞ്ചിനാണ് ഹാഥറസിലേക്കുള്ള യാത്രാമധ്യേ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏതു കൊടുംകുറ്റവാളിയെയും അറസ്​റ്റ്​ ചെയ്യുന്നതിന്​ രാജ്യത്തെ പരമോന്നത കോടതി നിഷ്​കർഷിച്ചിട്ടുള്ള ചില മാനദണ്ഡങ്ങളുണ്ട്​. അതുപോലും പാലിക്കാതെ ഒരാളെ തടങ്കലിലാക്കുകയും ആഴ്​ചകളോളം ബന്ധുക്കളെ പോലും അറിയിക്കാതെ കസ്​റ്റഡിയിൽവെക്കുകയും അഭിഭാഷകനു പോലും സന്ദർശനാനുമതി നൽകാതെ സമസ്​ത മര്യാദകളും ലംഘിക്കുകയും ചെയ്​ത ഒരു കേസ് അപൂർവമാണ്.

കാപ്പൻ യു.പിയിലേക്കെത്തിയത് വർഗീയ ലഹള ലക്ഷ്യമിട്ടാണെന്നാണ് യു.പി പൊലീസ് ആരോപിച്ചത്. എന്നാൽ, രാജ്യത്തെ നടുക്കിയ ഒരു കൊലപാതകം റിപ്പോർട്ട്​ ചെയ്യാൻ പോയ ഡൽഹിയിലെ മാധ്യമ പ്രവർത്തകൻ എങ്ങനെയാണ്​ യു.പിയിലെ ഗ്രാമത്തിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ​ശ്രമിച്ചതെന്ന് ഒരിക്കലും വിശദീകരിക്കാൻ സർക്കാറിന് സാധിച്ചില്ല. യു.പി സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ ​േമത്ത സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ ഒരിടത്തും ഇത് വിശദമാക്കിയതുമില്ല.

ഹാഥറസ് സംഭവത്തിന് പിന്നാലെ യു.പി സർക്കാറിനെ അട്ടിമറിക്കാൻ അന്താരാഷ്ട്രതലത്തിൽ ഗൂഢാലോചന നടക്കുന്നതായി യോഗി ആദിത്യനാഥ് ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ്​ മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടേയും ഭാഗത്തുനിന്നുണ്ടായത്​. മുഖ്യമന്ത്രിയുടെ പ്രസ്​താവനയ്ക്കു പിന്നാലെ യു.പി പോലീസ് രാജ്യദ്രോഹമടക്കം കേസുകള്‍ ചുമത്തി തുടങ്ങുകയും ചെയ്​തു. ഈയൊരു ഘട്ടത്തിലാണ് സിദ്ദീഖ് കാപ്പന്‍ ഹാഥ്‌റസില്‍ റിപ്പോര്‍ട്ടിങ്ങിനായി ഡല്‍ഹിയില്‍നിന്നു തിരിച്ചത്.

ഒക്ടോബര്‍ അഞ്ചിന് രാവിലെ പുറപ്പെട്ട സിദ്ദീഖ് ഉച്ചയ്ക്കു ശേഷം അറസ്​റ്റിലായി. സഞ്ചരിച്ച വാഹനം മഥുര ടോള്‍ പ്ലാസയില്‍ പരിശോധിച്ച യു.പി പോലീസ് അദ്ദേഹത്തെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. കാപ്പനടക്കം നാലു പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നും അവരില്‍നിന്നു നിയമവിരുദ്ധ ലഘുലേഖകളും മറ്റും പിടിച്ചെടുത്തെന്നുമാണ് പൊലീസ്​ വാദം. ഹാഥറസില്‍ കുഴപ്പം സൃഷ്​ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പുറപ്പെട്ട ഇവർ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണെന്നും പൊലീസ് പറയുന്നു. കലാപം സൃഷ്​ടിക്കാന്‍ പുറപ്പെട്ടവരെന്ന മട്ടില്‍ നാലു പേര്‍ക്കെതിരേയും യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയവ ചുമത്തി ജയിലിലടച്ചു.

തുടക്കം മുതലേ നിഗൂഢമായിരുന്നു പൊലീസി​െൻറ പെരുമാറ്റം. അറസ്​റ്റ്​ വിവരം വീട്ടുകാരെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. സിദ്ദീഖി​െൻറ ഫോണില്‍ വിളിച്ചവര്‍ക്കും മറുപടിയുണ്ടായില്ല. സുപ്രീംകോടതിയില്‍ കേസ്​ വന്നപ്പോഴും യു.പിയിലെ നീതിനിഷേധം പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിക്കുകയുണ്ടായി. യു.പിയില്‍ നീതി ലഭിക്കില്ലെന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരുമെന്നും അദ്ദേഹം വാദിച്ചു. അറസ്​റ്റ്​ രേഖപ്പെട്ടതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഭേദഗതി ചെയ്​തു നല്‍കാനും ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

90 വയസ്സായ കിടപ്പിലായ മാതാവിന്‍റെ ആരോഗ്യം പരിഗണിച്ച് സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദീഖ് കാപ്പന്‍റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ അഞ്ച് ദിവസത്തേക്ക് ജാമ്യം ലഭിച്ചത്. അതും, മാധ്യമങ്ങളോട് സംസാരിക്കരുത്, അടുത്ത ബന്ധുക്കളോടല്ലാതെ മറ്റാരുമായും ബന്ധപ്പെടരുത് തുടങ്ങിയ കടുത്ത നിബന്ധനകളോടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sidheeq Kappan
Next Story