Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖ് കാപ്പൻ കേസ്:...

സിദ്ദീഖ് കാപ്പൻ കേസ്: ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ പ്രതിവാദം

text_fields
bookmark_border
സിദ്ദീഖ് കാപ്പൻ കേസ്: ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ പ്രതിവാദം
cancel

മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിച്ച ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ മുമ്പാകെ നടന്ന വാദ പ്രതിവാദങ്ങൾ:

ഇരക്ക് നീതി കിട്ടാൻ ശബ്ദമുയർത്തുന്നത് ഇന്ത്യയിൽ കുറ്റമാണോ​? സുപ്രീംകോടതി

അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അവകാശമുണ്ടായിരിക്കേ ഇരക്ക് നീതി കിട്ടാൻ ശബ്ദമുയർത്തുന്നത് ഇന്ത്യയിൽ കുറ്റകൃത്യമാണോ​ എന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് യു.പി സർക്കാറിനോട് ചോദിച്ചു. ഹാഥ്റാസിലെ ദലിത് ബാലികക്ക് വേണ്ടി ശബ്ദമുയർത്താൻ നിർദേശം നൽകുന്ന പോപുലർ ഫ്രന്റ് സാഹിത്യം സിദ്ദീഖ് കാപ്പ​ന്റെ കൂടെ അറസ്ററിലായ പ്രതികളിൽ നിന്ന് പിടിച്ചെടുത്തുവെന്ന് യുപി സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യമുന്നയിച്ചത്.

ഏതൊരു വ്യക്തിക്കും തന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അത് കൊണ്ട് ഇരക്ക് നീതി കിട്ടാൻ ആവശ്യമുള്ളതെന്ന് തോന്നുന്ന ഒരു ആശയം പ്രചരിപ്പിക്കുന്നതും അതിനായി ഒന്നായി പൊതുശബ്ദമുയർത്താമെന്ന് ഒരാൾ കരുതുന്നതും ഇന്ത്യയിൽ നിയമത്തിന്റെ കണ്ണിൽ ഒരു കുറ്റമാണോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു.

ചിലവേളകളിൽ പ്രക്ഷോഭങ്ങൾ ആവശ്യമായി വരുമെന്നും സുപ്രീംകോടതി

ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് 'അല്ല, അല്ല' എന്ന് ജത്മലാനി മറുപടി നൽകിയപ്പോൾ ഹഥ്റസിലെ ഇരയെ പോലെ ബലാൽസംഗത്തിനും കൊലപാതകത്തിനുമിരയായ നിർഭയക്കായി ഇന്ത്യാഗേറ്റിൽ നടന്ന പ്രക്ഷോഭം യു.പി സർക്കാറി​നെ സുപ്രീംകോടതി ഓർമിപ്പിച്ചു. 2011ലും 2012ലും ഇന്ത്യാ ഗേറ്റിൽ നടന്ന പ്രക്ഷോഭം താങ്കൾക്ക് ഓർമയുണ്ടോ എന്ന് സുപ്രീംകോടതി യുപി സർക്കാർ അഭിഭാഷകനോട് ചോദിച്ചു.

അതെ എന്നായിരുന്നു മറുപടി. അതിന് ശേഷം നിയമം പോലും മാറി. അപര്യാപ്തതകൾ ഉയർത്തിക്കാണിക്കാൻ ചില വേളകളിൽ പ്രക്ഷോഭങ്ങളും ആവശ്യമായി വരും. പ്രകോപനപരമായി എന്തെങ്കിലും കാണിക്കാൻ ഇതുവരെയും താങ്കൾക്ക് കഴിഞ്ഞിട്ടില്ല എന്നും യു.പി അഭിഭാഷകനെ സുപ്രീംകോടതി ഓർമിപ്പിച്ചു.

കാപ്പന്റെ കേസിൽ ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കുമെന്ന് യു.പി

സിദ്ദീഖ് കാപ്പൻ അറസ്റ്റിലായ കേസിൽ ഒരാളെ മാപ്പു സാക്ഷിയാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണ് എന്ന് യു.പി അഭിഭാഷകൻ മഹേഷ് ജത്മലാനി ബോധിപ്പിച്ചു. ഒരാളെ മാപ്പു സാക്ഷിയാക്കാനുള്ള നടപടിയിലാണ് എന്ന് പറയുമ്പോൾ ഇപ്പോഴും കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് അല്ലേ അതിനർഥം എന്ന് ചീഫ് ജസ്റ്റിസ് ലളിത് ചോദിച്ചു. രണ്ട് മാസത്തിനകം തങ്ങൾ ആ നടപടികളെല്ലാം പൂർത്തിയാക്കുമെന്ന് യു.പി സർക്കാർ അഭിഭാഷകൻ പറഞ്ഞത്.

യു.പിയുടെ വാദങ്ങൾ ജാമ്യം തടയാവുന്നതല്ല: ചീഫ് ജസ്റ്റിസ്

സിദ്ദീഖ് കാപ്പൻ മൂന്നുപേ​രുമൊത്ത് കാറിൽ സഞ്ചരിച്ചാലോ ആ കാറിൽ നിന്ന് ചില സാഹിത്യങ്ങൾ കിട്ടിയാലോ കൂടെയുള്ളവർ പ്രതികളും തടവിലുമാണെന്ന് കരുതിയോ മുമ്പിൽ വന്ന ജാമ്യാപേക്ഷ തള്ളാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. കേസിലെ നടപടികൾ അതുപോലെ തുടരുന്നുണ്ടാവാം. എന്നാൽ രണ്ട് വർഷമായി സിദ്ദീഖ് കാപ്പൻ വിചാരണതടവുകാരനായി തുടരുകയാണ് എന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.

2020 ഒക്ടോബർ അഞ്ചിന് കാപ്പൻ അറസ്റ്റിലായത് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ കേസിന്റെ നിലവിലുള്ള സ്ഥിതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് ചോദിച്ചിരുന്നു. ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും കുറ്റപത്രം നൽകിയിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പ് സിദ്ദീഖ് കാപ്പന് നൽകിയിട്ടില്ലെന്നും മഹേഷ് ജത്മലാനി പറഞ്ഞു. കലാപങ്ങളുണ്ടാക്കാൻ പറ്റിയ സ്ഥലങ്ങളിൽ പോകണമെന്ന് പി.എഫ്.ഐ തീരുമാനിച്ചിരുന്നു, ഒരു സംസ്ഥാനത്ത് ഭീകരസംഘടന എന്ന നിലക്ക് അതിനെ നിരോധിച്ചിരിക്കുന്നു, സിദ്ദീഖ് കാപ്പൻ വിവിധ ജാതിമത വിഭാഗങ്ങൾക്കിടയിൽ കലാപമുണ്ടാക്കാനാണ് പോയത് തുടങ്ങിയ യു.പി സർക്കാറിന്റെ പതിവ് വാദങ്ങൾ അഡ്വ. മഹേഷ് ജത്മലാനി ഉന്നയിച്ചുവെങ്കിലും ജാമ്യം നൽകുന്നതിനുള്ള തടസവാദങ്ങളായി അതൊന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചില്ല.

1993ൽ ബോംബെയിലുണ്ടായത് പോലെ കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പറഞ്ഞപ്പോൾ രണ്ട് മിനിറ്റ് വാദം നിർത്താനാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സഹജഡ്ജിമാരുമായി കൂടിയാലോചന നടത്തി.

ആ സാഹിത്യം കാപ്പന്റേതല്ല

സിദ്ദീഖ് കാപ്പന്റെ പക്കൽ നിന്ന് ഐ.ഡി കാർഡും സാഹിത്യവുമല്ലാതെ വല്ല സ്​ഫോടനവസ്തുക്കളും യു.പി പൊലീസ് കണ്ടെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു യു.പി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജത്മലാനി നൽകിയ മറുപടി. എന്നാൽ സാഹിത്യവും കണ്ടെടുത്തുവെന്ന് പറയുന്നത് കാറിൽ നിന്നാണെന്നും സിദ്ദീഖ് കാപ്പന്റെ പക്കൽ നിന്നല്ലെന്നും കാപ്പ​ന്റെ അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു.

ഇത് കേട്ട ചീഫ് ജസ്റ്റിസ് കാപ്പന്റെ പക്കൽനിന്ന് യു.പി സർക്കാറിന്റെ ആരോപണം തെളിയിക്കാവുന്ന വല്ലതും കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ പി.എഫ്.ഐക്കാരുടെ മൊഴിയുണ്ട് എന്നായിരുന്നു മഹേഷ് ജത്മലാനിയുടെ മറുപടി. കൂടെ അറസ്റ്റിലായ പ്രതികളുടെ മൊഴിയാണതെന്ന് സിബൽ തിരുത്തി. അവരിലൊരാൾ പി.എഫ്.ഐ നേതാവാണെന്നായി അപ്പോൾ ജത്മലാനി.

അപകടകരമാണെന്ന് പറയുന്ന സാഹിത്യമെവിടെ? സുപ്രീംകോടതി

കസ്റ്റഡിയിലെടു​ത്തുവെന്ന് പറയുന്ന സാഹിത്യം സിദ്ദീഖിന്റെ പക്കൽ നിന്ന് കിട്ടിയതാണോ എന്ന ചീഫ് ജസ്റ്റിസിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതിരുന്ന മഹേഷ് ജത്മലാനി കിട്ടിയ ഒരു സാഹിത്യം ടൂൾ കിറ്റായിരുന്നുവെന്ന് വിഷയം വഴി തിരിക്കാൻ ശ്രമിച്ചു. എന്നാൽ അതും ഫലം കണ്ടില്ല.

ഏതാണ് താങ്കൾ പറയുന്ന അപകടകരമായ സാഹിത്യം എന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് ചോദിച്ചപ്പോൾ ദലിതുകൾക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ടുപോയതാണ് ആ സാഹിത്യമെന്നും പറഞ്ഞ് സിബൽ വായിച്ചതിന്റെ ബാക്കി മഹേഷ് ജത്മലാനി വായിക്കുകയായിരുന്നു.

കലാപവേളയിൽ എങ്ങിനെ സുരക്ഷിതരായിരിക്കണമെന്നും എന്ത് ധരിക്കണമെന്നും ധരിക്കരുതെന്നും കണ്ണീർവാതകത്തെ എങ്ങിനെ നേരിടണമെന്നുമൊക്കെ അതിൽ പറയുന്നുണ്ടെന്നും വാദിച്ചു. ഈ പറയുന്ന സാഹിത്യം തങ്ങളുടെ എതിർസത്യവാങ്മൂലത്തിലുണ്ടെന്നും താനത് വായിക്കാമെന്നും പറഞ്ഞ് സിബൽ 'ഹഥ്റാസ് ഇരക്ക് നീതി' എന്ന് തുടങ്ങുന്ന ആദ്യഭാഗം വായിച്ചുകേൾപ്പിച്ചു. ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത വിദേശ സാഹിത്യമാണ് ഇതിലൊന്ന്. ഇത് പ്രൊസിക്യൂഷൻ അല്ല. പെഴ്സിക്യുഷൻ ആണ് എന്നും സിബൽ കൂട്ടിച്ചേർത്തു.

'ടൂൾ കിറ്റ്' വാദവും തള്ളി ജാമ്യവുമായി മുന്നോട്ട്

ഹഥ്റാസിലെ പെൺകുട്ടിക്ക് നീതി വേണമെന്നും കുടുംബത്തിന് ജോലി നൽകണമെന്നും സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കണമെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമുള്ള ഈ ആവശ്യങ്ങൾ അതേ പോലെ കോപ്പിപേസ്റ്റ് ചെയ്ത് നിശ്ചിത ഇ​ മെയിലുകളിലേക്ക് വിവിധ പ്ലാറ്റ്ഫോമുകൾ വഴി പല കോണുകളിൽ നിന്നായി അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ അയക്കാൻ നിർദേശിക്കുന്നുണ്ടെന്നും മഹേഷ് ജത്മലാനി വാദിച്ചു.

ജത്മലാനി ടൂൾകിറ്റ് എന്ന് പറഞ്ഞ് ഒന്ന് വായിച്ചത്കേട്ട് ചീഫ് ജസ്റ്റിസും വിദേശത്ത് നിന്നുള്ള എന്തോ ഒന്നിലെ വരികളല്ലേ ഇതെന്ന് ചോദിച്ചു. തുടർന്നാണ് സഹജഡ്ജിമാരുമായി കൂടിയാലോചിച്ച് സിദ്ദീഖ് കാപ്പന് തങ്ങൾ ജാമ്യം അനുവദിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. തങ്ങൾ ജാമ്യം അനുവദിക്കുകയാണെന്നും ഉപാധികൾ എന്ത് വേണമെന്ന് യു.പി സർക്കാറിന് വേണമെങ്കിൽ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. തുടർന്ന് സുപ്രീംകോടതി ജാമ്യത്തിനുള്ള ഉപാധികൾ സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram jathmalaniUU LalitSupreme CourtSidheeq Kappan
News Summary - Siddique Kappan case: Argument and defense in the Supreme Court today
Next Story