‘കന്നഡ അറിയാമോ?’ സിദ്ധരാമയ്യയുടെ ചോദ്യം, രാഷ്ട്രപതിയുടെ മറുപടി
text_fieldsബെംഗളൂരു: ‘നിങ്ങൾക്ക് കന്നഡ അറിയാമോ?’ മൈസൂരു സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചോദ്യം, പിന്നാലെ പുഞ്ചിരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ മറുപടി ‘അറിയില്ല, പക്ഷേ ഉറപ്പായും പഠിക്കാം’. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (എ.ഐ.ഐ.എസ്.എച്) വജ്രജൂബിലി ആഘോഷത്തിനെത്തിയതായിരുന്നു ഇരുവരും.
പരിപാടിയിൽ സിദ്ധരാമയ്യ കന്നഡയിലാണ് സ്വാഗത പ്രസംഗം തുടങ്ങിയത്, തുടർന്ന്, പ്രസിഡന്റിനെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു: ‘നിങ്ങൾക്ക് കന്നഡ അറിയാമോ?’
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, കന്നഡ മാതൃഭാഷയല്ലെങ്കിലും, എന്റെ രാജ്യത്തിന്റെ എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും ഞാൻ വിലമതിക്കുന്നു. അവയിൽ ഓരോന്നിനോടും എനിക്ക് വലിയ ബഹുമാനവും ആദരവുമുണ്ട്’ -പിന്നാലെ സംസാരിച്ച രാഷ്ട്രപതി സിദ്ധരാമയ്യക്ക് മറുപടി നൽകി.
‘എല്ലാവരും അവരവരുടെ ഭാഷയും പാരമ്പര്യങ്ങളും സംസ്കാരവും സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. അതിന് എന്റെ ആശംസകൾ. കന്നഡ പഠിക്കാൻ ഞാൻ തീർച്ചയായും ശ്രമിക്കും,’ രാഷ്ട്രപതി കൂട്ടിച്ചേർത്തു.
കർണാടകയിൽ കഴിയുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്ന സിദ്ധരാമയ്യയുടെ നിലപാട് വിവാദമായിരുന്നു. പിന്നാലെ, പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ‘നാമെല്ലാവരും കന്നഡക്കാരാണ്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാൻ പഠിക്കണം.’ എന്നായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

