Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രാതലിന് പിന്നാലെ...

പ്രാതലിന് പിന്നാലെ കെ.സി. വേണുഗോപാലിനെ കാണാൻ സിദ്ധരാമയ്യ, ഒരു സീറ്റിൽ കുഴപ്പമുണ്ടെന്ന് ഡി.കെ. ശിവകുമാർ

text_fields
bookmark_border
പ്രാതലിന് പിന്നാലെ കെ.സി. വേണുഗോപാലിനെ കാണാൻ സിദ്ധരാമയ്യ, ഒരു സീറ്റിൽ കുഴപ്പമുണ്ടെന്ന് ഡി.കെ. ശിവകുമാർ
cancel

ബെംഗളൂരു: സംസ്ഥാനത്തെ പാർട്ടി വിഷയങ്ങളിൽ എ.ഐ.സി.സി ജനറൽ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളുരുവിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിയിൽ പ്രാതൽ ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. ബുധനാഴ്ച മംഗളൂരുവിൽ നടക്കുന്ന ചടങ്ങിനോടനുബന്ധിച്ചാവും കൂടിക്കാഴ്​ചയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സംസാരിച്ചത് ആഭ്യന്തര വിഷയങ്ങൾ

‘ശിവകുമാറും ഞാനും പാർട്ടിയലെ ആഭ്യന്തര വിഷയങ്ങളാണ് സംസാരിച്ചത്. ഡിസംബർ എട്ടിന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ തന്ത്രപരമായി എങ്ങനെ നേരിടാമെന്നതായിരുന്നു പ്രധാന വിഷയം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും അവിശ്വാസ പ്രമേയത്തെയും ഞങ്ങൾ ഒരുമിച്ച് നേരിടും,’-പ്രാതൽ ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട സിദ്ധരാമയ്യ പറഞ്ഞു.

കർഷകരെ പിന്തുണക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. വിലയിടിവിൽ കരിമ്പ്, ചോളം കർഷകർ പ്രതിസന്ധിയിലാണ്. കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് നൽകാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

അതേസമയം, സുർജേവാലയുമായി നടത്തിയ ചർച്ചയുടെ തുടർച്ചയെന്നോണം നാല് നിയമസഭാ സീറ്റുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടന്നതായി ഡി.കെ വെളിപ്പെടുത്തി. ഒരു സീറ്റ് സംബന്ധിച്ച് ചില കുഴപ്പങ്ങൾ നിലനിൽക്കുന്നതായും ഡി.കെ പറഞ്ഞു.

‘മുഖ്യമന്ത്രി​യെ എന്റെ വസതിയിൽ സ്വീകരിക്കാനായതിൽ അഭിമാനമുണ്ട്. കർണാടകയുടെ വികസനത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ കൂടിക്കാഴ്ചക്ക് ശേഷം ശിവകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം, തങ്ങൾക്കിടയിലെ പ്രശ്നപരിഹാരം ചർച്ചചെയ്യുന്നത് സംബന്ധിച്ച് ഡൽഹിയിൽ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യയും ഡി.കെയും വ്യക്തമാക്കി.

ചർച്ചകൾ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ബെംഗളൂരു റൂറൽ എം.പിയായ ​ഡി.കെ. സുരേഷും വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ഡൽഹിയിലെത്തി ഹൈകമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിലെ നേതൃമാറ്റമടക്കം വിഷയങ്ങൾ ചർച്ചയായതായാണ് വിവരം. ‘ ഹൈകമാൻഡ് ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും,’ സുരേഷ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച സിദ്ധരാമയ്യയുടെ ​ക്ഷണം സ്വീകരിച്ച ഡി.കെ. ശിവകുമാർ അദ്ദേഹത്തിന്റെ വസതിയിൽ പ്രാതലിനെത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട ഇരുവരും നേതൃമാറ്റമടക്കം വിഷയങ്ങളിൽ ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

റഷ്യ-യുക്രൈൻ ചർച്ചപോലെന്ന് ബി.ജെ.പി

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന നീക്കുപോക്ക് ചർച്ചകൾ റഷ്യ-യുക്രെയ്ൻ ചർച്ചപോലെ ഏതുസമയവും തകർന്നേക്കാവുന്നതാണെന്നായിരുന്നു ചൊവ്വാഴ്ച ബി.ജെ.പിയുടെ പരിഹാസം. ഇരുവരും തമ്മിലുള്ള അധികാരവടംവലി തലവേദനയായതോടെയാണ് വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടത്. തുടർന്ന്, ഹൈകമാൻഡ് നിർദേശമനുസരിച്ചായിരുന്നു ശനിയാഴ്ച സിദ്ധരാമയ്യയുടെ വസതിയിലെ പ്രാതൽ ചർച്ച.

2028 തെരഞ്ഞെടുപ്പാണ് അജണ്ടയായതെന്നായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ സിദ്ധരാമയ്യയുടെ വിശദീകരണം. ‘2028 തെരഞ്ഞെടുപ്പായിരുന്ന ഞങ്ങളുടെ അജണ്ട. ​തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും വലിയ പ്രാധാന്യമുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ഭരണത്തി​ലേക്ക് തിരിച്ചെത്തിക്കുന്നതാണ് ചർച്ചയായത്. ഒന്നിച്ച് മുന്നോട്ടുപോകാൻ ഞങ്ങൾ തമ്മിൽ ധാരണയിലായി. ഞങ്ങൾക്കടിയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും നിലവിലില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല’- സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് സമൂഹമാധ്യമത്തിൽ ഡി.കെ ശിവകുമാറും സമാന നിലപാടുകൾ ആവർത്തിച്ചു.

2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ, ഇരുവർക്കുമിടയിൽ അധികാരകൈമാറ്റമടക്കം വിഷയങ്ങളിൽ ഒത്തുതീർപ്പ് ഫോർമുലകൾ ഇനിയും അന്തിമമായിട്ടില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. പടിപടിയായി ഡി.കെ ശിവകുമാറിനെ ഉയർന്ന പദവികളിൽ എത്തിക്കാൻ ധാരണയായി എന്നാണ് നിലവിൽ ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ. ചൊവ്വാഴ്ച പ്രാതൽ ചർച്ചയിലും ഇരുവിഭാഗത്തിന്റെയും നിർണായക ആവശ്യങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ടുകൾ. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരാനാണ് ഇരുവരോടും ഹൈകമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddharamaiahDK SivakumarKarnatakaka
News Summary - Siddaramaiah to meet KC Venugopal after breakfast, DK Shivakumar says there is a problem with one seat
Next Story