ബംഗളൂരു: നുണപ്രചാരണം നടത്തുന്നതിലൂടെ പ്രധാനമന്ത്രി പദവിക്ക് നരേന്ദ്ര മോദി നാണക്കേടുണ്ടാക്കിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഞായറാഴ്ച ബംഗളൂരുവിൽ ബി.ജെ.പി റാലിക്കിടെ കർണാടക സർക്കാറിനെതിരെ നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ പ്രസ്താവനകളാണ് മോദി നടത്തിയത്. ലോക്പാലിനെക്കുറിച്ച് സംസാരിക്കാൻ മോദിക്ക് ധാർമിക അവകാശവുമില്ല. അദ്ദേഹം ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒമ്പതുവർഷക്കാലം അവിടെ ലോകായുക്ത പോലുമുണ്ടായിരുന്നില്ല. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന മോദിക്ക് പ്രധാനമന്ത്രിയായിരിക്കാൻ അർഹതയില്ല. കൊലപാതകക്കേസിൽ പ്രതിയായ അമിത് ഷാ അഴിമതിക്ക് ജയിൽശിക്ഷ അനുഭവിച്ച യെദിയൂരപ്പയെയാണ് കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർണാടകയെക്കുറിച്ച് മോദി നടത്തിയ വിമർശനങ്ങളെയെല്ലാം അക്കമിട്ടുനിരത്തിയാണ് സിദ്ധരാമയ്യ നേരിട്ടത്. ഞങ്ങൾ അധികാരത്തിൽവരുേമ്പാൾ നിക്ഷേപത്തിെൻറ കാര്യത്തിൽ 11ാമതായിരുന്നു കർണാടക. ഇന്ന് ഞങ്ങൾ രാജ്യത്ത് ഒന്നാമതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.