പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ദക്ഷിണ കന്നഡ സുള്ള്യ ബെള്ളാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യ നുതന കുമാരിയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ മുൻ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുക എന്നത് സ്വാഭാവിക നടപടിയാണ്.
പ്രവീൺ നെട്ടാരുവിന്റെ ഭാര്യ മാത്രമല്ല; 150 കരാർ തൊഴിലാളികളെ സർവിസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. അതിൽ സർക്കാറിന്റെ പ്രത്യേക ഇടപെടലില്ല. നുതന കുമാരിയുടേത് പ്രത്യേക കേസായി പരിഗണിച്ച്, മാനുഷിക പരിഗണനയിൽ അവരെ പുനർനിയമിക്കും -സിദ്ധരാമയ്യ ട്വീറ്റിൽ വ്യക്തമാക്കി.
നേരത്തേ ഇവർക്ക് നൽകിയ ജോലി സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫിസിൽ കരാറടിസ്ഥാനത്തിൽ ഗ്രൂപ് സി നിയമനമായിരുന്നു പ്രവീണിന്റെ ഭാര്യ നുതന കുമാരിക്ക് നൽകിയത്. 2022 ജൂലൈ 26നാണ് ബെള്ളാരെയിൽ പ്രവീൺ നെട്ടാരു (32) കൊല്ലപ്പെടുന്നത്. ജൂലൈ 19ന് ബെള്ളാരെയിൽ കാസർകോട് സ്വദേശി മസൂദും (19) ജൂലൈ 29ന് സൂറത്കലിൽ മുഹമ്മദ് ഫാസിലും (23) കൊല്ലപ്പെട്ടിരുന്നു. എന്നാൽ, പ്രവീണിന്റെ കുടുംബത്തെ മാത്രം സന്ദർശിച്ച് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച അന്നത്തെ മുഖ്യമന്ത്രി ബൊമ്മൈയുടെ നടപടിയിൽ പ്രതിഷേധമുയർന്നിരുന്നു.