നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭ വിട്ടിറങ്ങി കർണാടക ഗവർണർ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിദ്ധരാമയ്യ
text_fieldsബംഗളുരു: നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി കർണാടക ഗവർണർ താരാചന്ദ് ഗെഹ്ലോട്ട്. നയപ്രഖ്യാപനപ്രസംഗത്തിലെ ആദ്യത്തെ രണ്ട് വരി മാത്രം വായിച്ച് അദ്ദേഹം നിയമസഭയിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു. 11 പാരാഗ്രാഫുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ രണ്ട് വരികൾ മാത്രമാണ് അദ്ദേഹം വായിച്ചത്. കർണാടകയുടെ സാമ്പത്തിക, സാമൂഹിക, വികസനം ഇരട്ടിയാക്കുന്നതിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മാത്രം വ്യക്തമാക്കി അദ്ദേഹം നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, ഗവർണറുടെ നടപടിയിൽ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ഗവർണർ താരചന്ദ് ഗെഹ്ലോട്ടിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മന്ത്രിസഭ തയാറാക്കിയ പ്രസംഗം മുഴുവൻ വായിക്കുന്നതിന് പകരം രണ്ട് വരി മാത്രം വായിച്ച സംഭവം ഭരണഘടന ലംഘനമാണ്. 176,163 ആർട്ടിക്കളുകൾ ലംഘനമാണ് ഗവർണർ നടത്തിയിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് പരിഗണിക്കും. ഭരണഘടനപ്രകാരമുള്ള ചുമതലകൾ ഗവർണർ നിർവഹിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ബുധനാഴ്ച തന്നെ കേന്ദ്രസർക്കാറിനെതിര വിമർശനം ഉന്നയിക്കുന്ന നയപ്രഖ്യാപനം വായിക്കില്ലെന്ന് ഗവർണർ അറിയിച്ചിരുന്നു. എന്നാൽ, നിയമസഭ സമ്മേളനത്തിനെ നാടകീയമായി ഗവർണർ എത്തുകയും നയപ്രഖ്യാപന പ്രസംഗത്തിലെ രണ്ട് വരി മാത്രം വായിച്ച് നിയമസഭ വിടുകയുമായിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമസഭയിലെത്തിയ ഗവർണറെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

