സിദ്ധരാമയ്യക്ക് പുതിയ പദവി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം
text_fieldsന്യൂഡൽഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി നിയമിച്ചു. കർണാടകയിൽ പുതിയ മുഖ്യമന്ത്രി നാളെ ചുമതലയേല്‍ക്കാനിരിക്കേയാണ് സിദ്ധരാമയ്യക്ക് പുതിയ പദവി നല്‍കുന്നത്. സിദ്ധരാമയ്യക്ക് രാജ്യസഭാംഗത്വം നല്‍കുന്നത് പരിഗണനയിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.
അതേസമയം, കര്‍ണാടകയിലെ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ 10 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇതുവരെ തീരുമാനമായില്ല. പ്രിയങ്ക് ഖാര്‍ഗെ, എം.ബി. പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, ഡോ. യതീന്ദ്ര സിദ്ധരാമയ്യ, ഈശ്വര്‍ ഖന്ദ്രേ എന്നിവര്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. മലയാളികളായ കെ.ജെ. ജോര്‍ജ്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍ എന്നിവർ മന്ത്രിസഭയില്‍ ഉണ്ടാകും. ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി തര്‍ക്കവും രൂക്ഷമാണ്.
ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഒരാളും ദലിത്, ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള ഒരാളും വേണമെന്നാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ആവശ്യം. ഒന്നില്‍ കൂടുതല്‍ ഉപമുഖ്യമന്ത്രി എന്നതിനോട് ഹൈക്കമാന്‍ഡിന് യോജിപ്പില്ല. മന്ത്രിസ്ഥാനത്തോടൊപ്പം കെ.പി.സി.സി അധ്യക്ഷ പദവിയും വേണമെന്നായിരുന്നു സതീഷ് ജര്‍ക്കഹോളിയുടെ ആവശ്യം. ഹൈക്കമാൻഡ് വഴങ്ങാന്‍ തയാറാകാത്തതോടെ കെ.പി.സി.സി അധ്യക്ഷപദവിയിലും വടംവലി ശക്തമായിട്ടുണ്ട്.
കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് ഡി.കെ. മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നാളെ വൈകീട്ട് ബംഗളൂരുവിൽ നടക്കും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ എന്നിവരും മന്ത്രിസഭയിലെ പുതുമുഖങ്ങളാകും. ഭരണമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ട മന്ത്രിമാരെ നിശ്ചയിച്ചത്. ഈ മാസം 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭ വിപുലീകരിക്കുക.
കർണാടക രാഷ്ട്രീയത്തിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകണമെന്ന കാര്യത്തിൽ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. പുതിയ മന്ത്രിസഭയിൽ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ എന്നിവരെ ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. 'കുടുംബ രാഷ്ട്രീയം' പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
സിദ്ധരാമയ്യയുടെ പക്ഷത്തുനിന്ന് ഒമ്പത് പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന റിപ്പോർട്ടുകൾ ഡി.കെ. പക്ഷത്ത് അതൃപ്തിക്ക് ഇടയാക്കിയേക്കാം. വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമിടയിലും കേരളത്തിന് അഭിമാനകരമായ വാർത്തയായി കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നീ രണ്ട് മലയാളികൾ മന്ത്രിസഭയിൽ ഇടംപിടിച്ചത് മാറിയിട്ടുണ്ട്. കർണാടക രാഷ്ട്രീയത്തിൽ മലയാളി സാന്നിധ്യം ഉറപ്പിക്കുന്നതാണ് ഈ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

