നിയമസഭയിൽ വാക്പോരിലേർപ്പെട്ട് സിദ്ധരാമയ്യയും യത്നാലും
text_fieldsനിയമസഭയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുന്നു.
ബംഗളൂരു: തൊപ്പി ധരിക്കുന്നവരിൽനിന്ന് വോട്ട് തേടില്ലെന്ന ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ നടത്തിയ വിവാദ പ്രസ്താവന കർണാടക നിയമസഭയിൽ ചൂടേറിയ വാക്തർക്കത്തിനിടയാക്കി. ശക്തമായി മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തുവന്നതോടെ സഭയിൽ ചൂടേറിയ വാഗ്വാദം നടന്നു. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാൽ നിങ്ങൾ ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അധികാരത്തിലെത്തുകയുമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങൾ പരാജയപ്പെടും. പട്ടികജാതികൾ, പിന്നാക്കവർഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവക്കെതിരെ നിൽക്കുന്ന നിങ്ങൾക്ക് അവരുടെ വോട്ട് ലഭിക്കില്ല. ബി.ജെ.പിയിൽനിന്ന് പുറത്താക്കപ്പെട്ട നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ പുതിയ പാർട്ടി തുടങ്ങൂ -സിദ്ധരാമയ്യ പറഞ്ഞു.
ഇതിന് മറുപടിയായി താൻ അഡ്ജസ്റ്റ്മെന്റില്ലാത്ത പാർട്ടി തുടങ്ങുമെന്ന് എം.എൽ.എ പ്രഖ്യാപിച്ചു. കോൺഗ്രസിന് ഗുണം ഉണ്ടാകുന്ന പാർട്ടി തുടങ്ങുകതന്നെ വേണമെന്നാണ് സിദ്ധരാമയ്യ ഇതിനെ പരിഹസിച്ചത്. സംഭാഷണത്തിനിടെ, യത്നാൽ താൻ പാർട്ടി ആരംഭിക്കുമെന്ന് സ്പീക്കർ യു.ടി. ഖാദറിനോട് പറഞ്ഞു.
ഞങ്ങൾ രാജ്യദ്രോഹികളുടെ മാത്രമേ എതിരാളികളായുള്ളൂവെന്നും പട്ടികജാതി സമൂഹത്തിന്റെയോ പിന്നാക്കവർഗത്തിന്റെയോ എതിരാളികളല്ലെന്നും യത്നാൽ തുടർന്നുപറഞ്ഞു. ഇതിനു മറുപടിയായി തൊപ്പി ധരിക്കുന്നവരുടെ വോട്ടുകൾ വേണ്ടെന്ന് തുറന്നുപറഞ്ഞത് ആരാണെന്ന് സിദ്ധരാമയ്യ ചോദിച്ചു. വോട്ട് വേണ്ടെന്ന് പറഞ്ഞത് താനാണെന്നും അതിൽ എന്താണ് തെറ്റെന്നൂം എനിക്ക് പേടിയില്ലെന്നും യത്നാൽ പ്രതികരിച്ചു.
ഇത്തരത്തിലുള്ള രാഷ്ട്രീയംകൊണ്ട് നിങ്ങൾ ഒരിക്കലും മുഖ്യമന്ത്രിയാകില്ല. അധികാരത്തിലെത്തുകയുമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ പൂർണ തോൽവി നേരിടും - സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി 130 സീറ്റുകൾ നേടി കോൺഗ്രസിനെ പുറത്താക്കുമെന്നായിരുന്നു യത്നാലിന്റെ മറുപടി. എന്നാൽ, 2028ലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. യത്നാൽ ഇപ്പോൾ ബി.ജെ.പിയിൽനിന്ന് പുറത്താക്കപ്പെട്ടവനാണെന്നും സ്വതന്ത്രനായ നിങ്ങൾക്ക് അധികാരത്തിലെത്താനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വാഗ്വാദത്തിനിടെ സിദ്ധരാമയ്യ ജെ.ഡി-എസിന്റെ അസ്ഥിരതയെക്കുറിച്ചും പരാമർശിച്ചു. താൻ പാർട്ടി പ്രസിഡന്റായിരിക്കുമ്പോൾ 59 സീറ്റുകൾ നേടിയിരുന്നെങ്കിലും പിന്നീട് അത് 18ലേക്ക് താഴ്ന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ് ജെ.ഡി-എസിന് രാഷ്ട്രീയത്തിൽ നിലനിൽക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം കളിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

