‘മാതൃരാജ്യത്ത് നിന്ന് അകലെയാവാം, പക്ഷേ ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു...’; ശുഭാൻഷു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയുടെ ശുഭാൻഷു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃരാജ്യത്ത് നിന്ന് അകലെയാണെങ്കിലും നിങ്ങൾ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടെന്ന് മോദി പറഞ്ഞു. 1984ൽ രാകേശ് ശർമക്കുശേഷം 41 വർഷം കഴിഞ്ഞ് ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാൻഷു ശുക്ല. ബഹിരാകാശനിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും.
ശനിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രിയും ശുക്ലയും തമ്മിൽ തത്സമയ വിഡിയോ കോളിൽ സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇരുവരും തമ്മിലുള്ള സംഭാഷണം തത്സമയം സ്ട്രീം ചെയ്തു. ‘ഇന്ന്, നിങ്ങൾ മാതൃരാജ്യത്തുനിന്ന് അകലെയാവാം, പക്ഷേ ഇന്ത്യക്കാരുടെ ഹൃദയത്തോട് നിങ്ങൾ ചേർന്നുനിൽക്കുന്നു’ -മോദി പറഞ്ഞു. ശുക്ലയുടെ നേട്ടങ്ങളിൽ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ആദ്യപടിയാണ് ശുക്ലയുടെ ബഹിരാകാശ യാത്ര. ഈ നേട്ടം വികസിത ഇന്ത്യയിലേക്കുള്ള യാത്രക്ക് ആക്കം കൂട്ടുമെന്നും മോദി കൂട്ടിച്ചേർത്തു.
ഇത് താൻ ഒറ്റക്കുള്ള യാത്രയല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്‍റെ യാത്രയാണെന്ന് ശുക്ല മറുപടി നൽകി. ബഹിരാകാശത്തുനിന്ന് ആദ്യമായി ഇന്ത്യ കണ്ടപ്പോൾ ഭൂപടത്തിൽ കാണുന്നതിനേക്കാൾ വളരെ വലുതും ഗംഭീരവുമായിരുന്നു. അതിരുകളില്ലാത്ത ഏകത്വം ശരിക്കും അനുഭവിക്കാൻ കഴിഞ്ഞു. മുഴുവൻ ഭൂമിയും നമ്മുടെ വീടാണെന്നും നാമെല്ലാവരും അതിലെ പൗരന്മാരാണെന്നും തോന്നുന്നു- ശുഭാൻഷു ശുക്ല പറഞ്ഞു. പ്രധാനമന്ത്രിയുമായി ശുഭാൻഷു ശുക്ല സംവദിക്കുമ്പോൾ ബഹിരാകാശ നിലയത്തിൽ ‘ഭാരത് മാത കീ ജയ്’ മുദ്രാവാക്യം മുഴങ്ങി.
വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4.01നാണ് ആക്സിയം -4 ദൗത്യവുമായി സ്പേസ് എക്സ് ഡ്രാഗൺ പേടകം ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്തത്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ് ക്യാപ്റ്റനായ ശുഭാൻഷുവാണ് ദൗത്യത്തിലെ മിഷൻ പൈലറ്റ്.
നാസയുടെ മുൻ ബഹിരാകാശ യാത്ര മിഷൻ കമാൻഡർ അമേരിക്കക്കാരി പെഗ്ഗി വിറ്റ്സൺ, പോളണ്ടുകാരനായ സ്ലാവോസ് ഉസ്നാസ്കി-വിസ്നീവ്സ്കി, ഹംഗറിക്കാരനായ ടിബോർ കപു എന്നിവരാണ് ശുഭാൻഷുവിനൊപ്പമുള്ളത്. 14 ദിവസം ബഹിരാകാശനിലയത്തിൽ കഴിയുന്ന സംഘം 60 പരീക്ഷണങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

