ഗുജറാത്തിലെ മീൻ മാർക്കറ്റിന് നരേന്ദ്രമോദിയുടെ പേര്; പിന്നാലെ വിവാദം
text_fieldsസൂറത്: ഗുജറാത്തിലെ സൂറത് മുനിസിപ്പൽ കോർപ്പറേഷൻ (എസ്.എം.സി) നിർമിച്ച അത്യാധുനിക മൊത്തവ്യാപാര മത്സ്യമാർക്കറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാനുള്ള നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധവും രാഷ്ട്രീയ വിവാദവും. പ്രമുഖ ബിജെപി നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ രാജൻ പട്ടേൽ മുന്നോട്ടുവെച്ച ഈ നാമകരണ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷമായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ശക്തമായ വിമർശനവുമായി രംഗത്തെത്തി.
സൂറതിലെ വരാച്ച മേഖലയിൽ കോടികൾ ചെലവഴിച്ച് നിർമിച്ച ഹൈടെക് മാർക്കറ്റിന് 'ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്' എന്ന് പേരിടാനാണ് നീക്കം നടക്കുന്നത്. പ്രധാനമന്ത്രിയോടുള്ള കടുത്ത അനാദരവാണ് ഈ നീക്കമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പേര് ഒരു മത്സ്യമാർക്കറ്റിന് നൽകുന്നത് അനുചിതമാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിർദ്ദേശം ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി.
എന്നാൽ, പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി നിർമിച്ച മാർക്കറ്റായതിനാലാണ് ഈ പേര് നിർദ്ദേശിച്ചതെന്നും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി നടപ്പിലാക്കിയ വികസന പദ്ധതികൾക്കുള്ള ആദരമായാണ് ഇതിനെ കാണേണ്ടതെന്നും ബിജെപി വൃത്തങ്ങൾ ന്യായീകരിച്ചു. വരാനിരിക്കുന്ന കോർപ്പറേഷൻ ജനറൽ ബോർഡ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരുന്നതോടെ രാഷ്ട്രീയ തർക്കം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

