ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കം: നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതിയുടെ മുമ്പാകെയുള്ള നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ഇരുഭാഗവും കേൾക്കാതെ ഹൈകോടതി ഉത്തരവിൽ ഇടപെടുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മഥുര കോടതിയിൽനിന്ന് അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റിയ ഉത്തരവ് ചോദ്യംചെയ്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് കമ്മിറ്റി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിെന്റ നേതൃത്വത്തിലുള്ള ബെഞ്ച്. തർക്കവുമായി ബന്ധപ്പെട്ട 18 ഹരജികൾ ഹൈകോടതി മുമ്പാകെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മഥുരയിൽനിന്ന് അലഹബാദിലേക്ക് 600 കിലോമീറ്റർ ദൂരമുള്ളതിനാൽ യാത്രക്കാവശ്യമായ സാമ്പത്തികശേഷി തങ്ങൾക്കില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
രണ്ടോ മൂന്നോ മണിക്കൂർകൊണ്ട് എത്താമെന്നതിനാൽ ഹരജികൾ ഡൽഹിയിലേക്ക് മാറ്റിയാൽ കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും പരാതിക്കാർ പറഞ്ഞു. ഡൽഹി കോടതിയിൽ ഇപ്പോൾതന്നെ കേസുകളുടെ അമിതഭാരമുള്ളതിനാൽ ഇക്കാര്യം പരിഗണിക്കുക ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഡൽഹിയിലേക്ക് വരാം, എന്നാൽ അലഹബാദിലേക്ക് പോകാൻ കഴിയില്ലെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്ത മാക്കി. തുടർന്ന് ഹരജി ജനുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റി.

